തൃപ്രയാർ: ദേശീയപാത വികസനം എന്ന പദം ജനങ്ങളെ ഭയപ്പെടുത്തുന്നതായി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. എൻ.എച്ച് 66 ആക്‌ഷൻ കൗൺസിൽ ഗീതഗോപി എം.എൽ.എ യുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കുവേണ്ടിയുള്ള യഥാർത്ഥ വികസനത്തിന് തടസം നിൽക്കുന്നത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. ഇക്കൂട്ടർ നടത്തുന്ന അഴിമതി ഭരണം നാടിനെ തകർക്കുന്നതായും സി.ആർ നീലകണ്ഠൻ പറഞ്ഞു. നിയമവിരുദ്ധമായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന മുഴുവൻ ഉത്തരവുകളും പിൻവലിച്ച് സമരം ചെയ്യുന്നവരുമായി ചർച്ചക്ക് സർക്കാർ തയ്യാറാവണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി പറഞ്ഞു. കെ.എസ്. ജോഷി അദ്ധ്യക്ഷത വഹിച്ചു. എ.ജി. ധർമ്മരത്‌നം, കെ.ജി. സുരേന്ദ്രൻ, നവാസ് കെ.എസ്, പി.ആർ. പ്രൊവിന്റ്, എ.എം. സുരേഷ്, പ്രീത താമി, സി.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. പി.കെ. ഷംസുദ്ദീൻ, ഇ.എൻ സുഖദേവ്, നിസാബ് ടി.എൻ, ഗിരിഷ് മാത്തുക്കാട്ടിൽ, പീതാംബരൻ തൃപ്രയാർ, സാബിൻ എന്നിവർ നേതൃത്വം നൽകി.