padam
ദിലീപ്കുമാർ പാടത്ത് ഞാറുനടുന്നു

എരുമപ്പെട്ടി: പ്രകൃതിയോടു മല്ലടിച്ച് പതിറ്റാണ്ടുകളായി തരിശിട്ട പാടത്തെ പച്ചപ്പണിയിക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് വേലൂർ തണ്ടിലം സ്വദേശി മച്ചിങ്ങൽ ദിലീപ് കുമാർ. സമ്മിശ്ര പച്ചക്കറി കൃഷിയിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ദിലീപിന് നെൽക്കൃഷി ജീവവായു കൂടിയാണ്. കൃഷിയില്ലാത്ത ജീവിതം അർത്ഥശൂന്യമാണെന്നാണ് കാർഷിക രംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി വിജയം കണ്ടെത്തിയ ദിലീപിന്റെ അഭിപ്രായം.

വർഷങ്ങളായി തരിശിട്ടുകിടക്കുന്ന 4 ഏക്കറിലധികം സ്ഥലത്താണ് ദിലീപ് കൃഷിയിറക്കിയിരിക്കുന്നത്. നെൽക്കൃഷിയിടങ്ങളുടെ വ്യാപ്തി തരിശ്ശിടപ്പെട്ടും നികത്തിയും അനുദിനം കുറഞ്ഞു വരുന്നമ്പോഴാണ് ദിലീപ് നെല്ലുത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 25 വർഷം മുമ്പ് തണ്ടിലം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി പാട്ടത്തിനെടുത്ത് തുടങ്ങിയ കൃഷി ഇപ്പോൾ, വിവിധ വിളകളിലായി 7 ഏക്കറിലധികം സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്. തന്റെ കൃഷിയിടത്തിനു ചേർന്ന് കിടക്കുന്ന ഏക്കർ കണക്കിന് തരിശ്ശുനിലം കർഷക കൂട്ടായ്മയൊരുക്കി വരും വർഷങ്ങളിൽ പ്രദേശമാകെ കൃഷി വ്യാപിപ്പിക്കുക എന്നതാണ് ദിലീപിന്റെ ലക്ഷ്യം.

വേലൂർ പഞ്ചായത്ത് പ്രസിഡന്റായ ഷേർളിയാണ് ഭാര്യ. കൃഷിയിടത്തിൽ മകൻ അശ്വത്തിന്റെയും ഭാര്യയുടെയും പൂർണ്ണ പിന്തുണയുണ്ട്. അർഹതയ്ക്കുള്ള അംഗീകാരമായി മികച്ച കർഷകനുള്ള ജില്ലാതല അവാർഡും ദിലീപിനെ തേടിയെത്തിയിട്ടുണ്ട്.

എല്ലാവർഷവും വായ്പയെടുത്ത് ആരംഭിക്കുന്ന കൃഷി ഒരിക്കലും ചതിച്ചിട്ടില്ല. ലാഭം മാത്രം കണ്ട് കൃഷി ചെയ്യുന്ന ബിസിനസ്സല്ല കൃഷി, ദീർഘവീക്ഷണത്തോടെ കൃഷി വിഭവങ്ങളൊരുക്കിയാൽ നെല്ലിന് ആരേയും ആശ്രയിക്കേണ്ടി വരില്ല.

- ദിലീപ്