എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ വ്യാപാരിയെ ആക്രമിച്ച് പണം കൈവശപ്പെടുത്തുകയും മർദ്ദന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയതിന് ശേഷം അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ആവശ്യപ്പെടുകയും ചെയ്തെന്ന പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. എരുമപ്പെട്ടി സ്വദേശികളായ റിനോൾഡ്, ഡേവീസ്, നിധിൻ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.

എരുമപ്പെട്ടി കല്ലിങ്ങൽ പീടികയിൽ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാർച്ച് 29ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പറയുന്നു. തന്റെ വ്യാപാര സ്ഥാപനത്തിലേക്ക് വരികയായിരുന്ന അലിയെ വഴിയിൽ തടഞ്ഞ് റിനോൾഡും സംഘവും മർദ്ദിക്കുകയും ദൃശ്യങ്ങൾ മെബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

പഴ്‌സിലുണ്ടായിരുന്ന 14000 രൂപ കൈക്കലാക്കിയ പ്രതികൾ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ചെക്കുകൾ ഒപ്പിട്ട് വാങ്ങുകയും അലി സഞ്ചരിച്ചിരുന്ന ഇരുചക്ര മോട്ടോർ വാഹനം കൈവശപ്പെടുത്തുകയും ചെയ്തു. അലിയുടെ മൊബൈൽ ഫോണും ഇവർ കൈക്കലാക്കിയെന്ന് പരാതിയിൽ പറയുന്നു. മറ്റൊരു ദിവസം കടയിലെത്തിയ പ്രതികളിൽ രണ്ട് പേർ അലിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പണം ആവശ്യപ്പെട്ട് വീണ്ടും മർദ്ദിച്ചു.

കടയിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന വസ്തുക്കൾ ബലമായി എടുത്തതായും പരാതിയിലുണ്ട്. പണം ലഭിക്കാത്തതിനെ തുടർന്ന് മർദ്ദന ദൃശ്യങ്ങൾ അലിയുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് അപകീർത്തിപ്പെടുത്തിയെന്നും ഭയന്ന് പരാതി നൽകാതിരുന്ന തനിക്ക് ദൃശ്യങ്ങൾ തെളിവായി ലഭിപ്പോഴാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും അലി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ ഉടൻ പിടികൂടണം - ബി..ജെ..പി

എരുമപ്പെട്ടിയിൽ വ്യാപാരിയെ ആക്രമിച്ച് പണവും വാഹനവും കൈക്കലാക്കുകയും മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ആവശ്യപ്പെടുകയും ചെയ്ത ഡി.വൈ.എഫ്.ഐ നേതാവ് റിനോൾഡിനെയും ഗുണ്ടാസംഘത്തെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണ്ടാ നേതാവായ റിനോൾഡിന്റെ നേതൃത്വത്തിൽ ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭയപ്പെട്ടാണ് ഇരയായവർ പരാതി നൽകാത്തത്. സി.പി.എമ്മാണ് പ്രതികളെ സംരക്ഷിക്കുന്നതെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് വേണ്ടി പൊലീസ് കൂട്ട് നിൽക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേഷ്‌കുമാർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.