തൃപ്രയാർ: നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിക്ക് 69.9 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗീത ഗോപി എം.എൽ.എ പറഞ്ഞു. നാട്ടിക ഫയര്‍സ്റ്റേഷനിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത നാട്ടിക അസംബ്ലി മണ്ഡലം അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
തൃപ്രയാർ ബസ് സ്റ്റാൻഡിന്റെ നവീകരണത്തിനായി അഞ്ച് കോടിരൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഒരുകോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തി. ആയതിന്റെ തുടർ നടപടികൾക്കായി നാട്ടിക പഞ്ചായത്ത് ഭരണസമിതിയുടെയും രാഷ്ട്രീയ കക്ഷികളുടെയും സംയുക്തയോഗം ഉടൻ ചേരുമെന്നും ഗീത ഗോപി എം.എൽ.എ അറിയിച്ചു. ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ചുമതല തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. കണ്ണാറയിൽ 24 കോടി രൂപയുടെ ബനാന പാർക്കിന്റെ നിർമ്മാണ ചുമതലയും സൊസൈറ്റിക്കാണ്. വലപ്പാട് വട്ടപ്പരത്തി കടപ്പുറത്ത് 7.1 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന ഫിഷിംഗ് ഹാർബർ പദ്ധതി റിപ്പോർട്ട് തീരദേശവികസന കോർപറേഷന് കൈമാറിയതായും എം.എൽ.എ വ്യക്തമാക്കി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ എം.ആർ സുഭാഷിണി, താന്ന്യം, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് രാധാകൃഷ്ണൻ, ഇ.കെ തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഗീത മണികണ്ഠൻ, പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരായ സന്ധ്യ രാജൻ, ആർ. രജീഷ്, ഡോളി ജോസഫ്, കെ.എസ്. സൈറ, കെ.പി. പ്രിയ, വാട്ടർ അതോറിറ്റി എൻജിനിയർമാരായ ടി.എൻ. ജയകൃഷ്ണൻ, കെ.കെ. സുരേഷ് ബാബു, ടി.ഡി.എൽ.സി സൊസൈറ്റി ഡയറക്ടർ പി.എം. ബിജു, ആർക്കിടെക്ട് ജോർജ്ജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
..................................................
പദ്ധതികളും ഭരണാനുമതിയും
ഇല്ലിക്കലിൽ പ്രതിദിനം 260 ലക്ഷം ലിറ്റർ ശുദ്ധജലം ഉൽപാദിപ്പിക്കുന്ന പ്ലാന്റ്
9 മീറ്റർ വ്യാസത്തിൽ കിണർ
ഇല്ലിക്കൽ മുതൽ വെള്ളായണി വരെ 2700 മീറ്റർ പൈപ്പ് മാറ്റൽ
4 പമ്പ് സെറ്റ്, 500 കെ.വി.എയുടെ മൂന്ന് ട്രാൻസ്‌ഫോർമർ
വെള്ളാനി മുതൽ ചൂലൂർ ജംഗ്ഷൻ വരെ ഏഴര കിലോമീറ്റർ പൈപ്പ് മാറ്റൽ
ചൂലൂർ മുതൽ കയ്പ്പമംഗലം വരെയും എടത്തിരുത്തി ടാങ്ക് മുതൽ വലപ്പാട് ടാങ്ക് വരെയും പൈപ്പ് മാറ്റൽ
തൃപ്രയാർ സേതുകുളം മുതൽ വാടാനപ്പള്ളി ഗണേശമംഗലം വരെ പൈപ്പ് മാറ്റലിനായി 19.6 കോടി രൂപയുടെ ഭരണാനുമതി
തൃപ്രയാർ ബസ് സ്റ്റാൻഡിന്റെ നവീകരണത്തിനായി അഞ്ച് കോടിരൂപയുടെ പദ്ധതി