തൃശൂർ : തൊഴിയൂർ സുനിൽ കേസ് അന്വേഷണം മുന്നോട്ട് നീങ്ങുമ്പോൾ തെളിഞ്ഞു വരുന്നത് അക്കാലത്തെ വൻശൃംഖലയുടെ തെളിവുകൾ. തൃശൂരിൽ നിന്ന് വടക്കോട്ട് ഉള്ള ജില്ലകളിൽ ജം ഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടനയ്ക്ക് വൻ വേരോട്ടമാണ് ഉണ്ടായിരുന്നത്. തൊഴിയൂർ സുനിലിന്റെ കൊലപാതകം, പെരിഞ്ഞനം സന്തോഷ് വധം എന്നിവരുടെ കേസന്വേഷണവുമായി ബന്ധപ്പെട്ട് അക്കാലത്തെ വലപ്പാട് സി.ഐയായിരുന്ന ജബ്ബൽ കൃഷ്ണമൂർത്തിയാണ് ഇതിലെ തീവ്രവാദബന്ധം സംബന്ധിച്ച നിർണ്ണായക തെളിവ് ശേഖരിച്ചത്.
തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്താണ് കൊലപാതക പരമ്പരകളുടെയും തിയേറ്റർ കത്തിക്കലിന്റെയും തെളിവുകൾ ശേഖരിച്ചത്. തുടർന്ന് എല്ലാ രേഖകളും അന്നത്തെ ഉദ്യോഗസ്ഥർക്ക് കൈമാറി. അന്ന് ഡി.ഐ.ജിയായിരുന്ന ടി.പി സെൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം 1997 നവംബർ 12 ന് ജം ഇയ്യത്തുൽ ഇസ്ഹാനിയയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കണ്ണൂർ തളിപറമ്പ് സ്വദേശിയായ ഡോ.പി. സുബൈറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
13ാം പ്രതിയായിട്ടായിരുന്നു ഇയാളെ ഉൾപ്പെടുത്തിയിരുന്നത്. സംഘടനാ രൂപീകരണത്തിൽ നിർണ്ണായകമായ തീരുമാനം എടുത്തത് ഡോ.പി. സുബൈർ ആയിരുന്നു. കോഴിക്കോട് സ്വദേശി ഉസ്മാൻ മുസ്ലിയാർ ആയിരുന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. കൂടാതെ സംഘടനയുടെ ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന കുന്നംകുളം പഴുന്നാന സ്വദേശി ഹുസൈൻ എന്നിവരും ഇതിൽ ഉൾപ്പെട്ടിരുന്നു.
ആസൂത്രകൻ മലപ്പുറം സ്വദേശി
കൊലപാതക പരമ്പരകളുടെ ആസ്രൂതകൻ മലപ്പുറം സ്വദേശിയായ അൻവർ ആയിരുന്നുവെന്നാണ് അന്നത്തെ അന്വേഷണ സംഘം കണ്ടെത്തിയത്. മാസങ്ങളുടെ ആസൂത്രണത്തിലായിരുന്നു എല്ലാ കൊലപാതകങ്ങളും നടത്തിയത്. എല്ലാം അപകട മരണങ്ങളാക്കി തോന്നുന്ന തരത്തിലായിരുന്നു പല കൊലപാതകങ്ങളും നടത്തിയിരുന്നത്. മോട്ടോർ സൈക്കിൾ, സൈക്കിൾ എന്നിവയിൽ പോകുന്നവരെയാണ് ഇവർ കൂടുതലായും കൊലപ്പെടുത്തിയിരുന്നത്.
ആൾ സഞ്ചാരം കുറവായ സ്ഥലത്ത് കാറിടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. ആദ്യം തിയേറ്ററുകൾ, ചായക്കടകൾ, നോയമ്പ് കാലത്ത് തുറന്നിരുന്ന ചായക്കടകൾ എന്നിവയാണ് ഇവർ ആദ്യം അക്രമിച്ചിരുന്നത്. തൃശൂർ, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് സിനിമ തിയേറ്ററുകൾ കത്തിച്ചത്. ഇതിൽ ഒന്നും തന്നെ ഇവരെ പിടിക്കപ്പെടാതിരുന്നതോടെയാണ് കൊലപാതകങ്ങളിലേക്ക് സംഘം തിരിഞ്ഞത്.
ഇതെല്ലാം അന്നത്തെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ അന്വേഷണം നടത്താം എന്ന നിർദ്ദേശം അവഗണിച്ചു. കൊലപാതക പരമ്പരകളിൽ തീവ്രവാദ ബന്ധം ഉണ്ടെന്ന അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ഇക്കാര്യത്തിൽ തുടരന്വേഷണത്തിന് വിരോധമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു