പുതുക്കാട് : തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും യൂബർ ടാക്‌സി കാർ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ആലുവ ആലങ്ങാട് സ്വദേശിയായ പതിനേഴുകാരനും, സുഹൃത്ത് കൊച്ചി തോപ്പുംപടി സാന്തോം കോളനിയിലെ ആസാർ അരാഫത്തിന്റെ മകൻ മൻസൂർ (19) എന്നിവരും അറസ്റ്റിലായി.
വ്യാഴാഴ്ച രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തട്ടിയെടുത്ത കാർ തമിഴ്‌നാട്ടിലെ കമ്പത്തോ, മധുരയിലോ എത്തിച്ച് പൊളിച്ചു വിൽക്കാനായിരുന്നു പദ്ധതി. ഇതിനായി ആലുവ റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടിയ പ്രതികൾ കൃത്യത്തിന് ആവശ്യമായ വസ്തുക്കളും ആയുധങ്ങളും കരുതിയാണ് തീവണ്ടി മാർഗ്ഗം തൃശൂരിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് തൃശൂരിൽ നിന്നും വിളിച്ച ടാക്‌സി, ആമ്പല്ലൂരിൽ വച്ച് ഡ്രൈവർ മണ്ണംപേട്ട കരുവാപടി, പിണ്ട്യാൻ രാജേഷിനെ ആക്രമിച്ച് പ്രതികൾ കാറുമായി കടന്നത്.

കൊരട്ടിയിൽ നിന്ന് ഹൈവേ പൊലീസ് കാറിനെ പിന്തുടർന്നു. കാലടിയിൽ എത്തിയപ്പോൾ പ്രതികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പിറകെ എത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. പത്തോളം പേരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. അന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ്, പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എ.പി സുധീരൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജിനു മോൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽകോ, എ.യു റെജി, ഷിജോ തോമസ്, പുതുക്കാട് അഡീഷണൽ എസ്.ഐമാരായ സുരേഷ്, ടി.പി പോൾ, സീനിയർ സി.പി.ഒമാരായ സി.എ ഷാജു, ജോയ് കാരാത്ര എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ.പി വിജയകുമാർ, ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ ഗോപാലകൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ എസ്.പി സുധീരൻ എന്നിവരാണ് കേസന്വേഷണത്തെ കുറിച്ച് വിശദീകരിച്ചത്.