വടക്കാഞ്ചേരി: അഞ്ച് വർഷം മുൻപ് മുണ്ടത്തിക്കോട്, വടക്കാഞ്ചേരി പഞ്ചായത്തുകളെ സംയോജിപ്പിച്ച് രൂപീകരിച്ച വടക്കാഞ്ചേരി നഗരസഭയെ വീണ്ടും പഞ്ചായത്തുകളാക്കി മാറ്റണമെന്ന് ജനകീയ സമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭയാക്കിയതോടെ പ്രദേശത്തെ വികസനം പൂർണ്ണമായി സ്തംഭനാവസ്ഥയിലാണെന്നും, സാധാരണക്കാരന്റെ മേൽ വലിയ നികുതി ഭാരം കെട്ടിവയ്ക്കപ്പെട്ടു എന്നതല്ലാതെ വികസനം നടക്കുന്നില്ലെന്നും ജനകീയ സമിതി കുറ്റപ്പെടുത്തി. ആവശ്യം ഉന്നയിച്ചും തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനു മായി ഇന്ന് രാവിലെ ജയശ്രീ ഓഡിറ്റോറിയത്തിൽ വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ജനകീയ സമിതി കോ- ഓർഡിനേറ്റർ ജോയ് കണ്ണമ്പുഴ, എൻ.എച്ച് വാജിദ്, പി.എം. ഉമൈർ തുടങ്ങിയവർ പങ്കെടുത്തു.