കൊടുങ്ങല്ലൂർ: ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയും കാറ്റും മേഖലയിലെ വിവിധ ഇടങ്ങളിൽ നാശം വിതച്ചു. കോതപറമ്പിൽ മരം വീണ് രണ്ട് കാറുകൾ തകർന്നതിന് പുറമെ എടവിലങ്ങിൽ ഒരു വീട് തകർന്നു. മേത്തലയിൽ ഇടിമിന്നലേറ്റ് വ്യാപക നാശം സംഭവിച്ചു. എടവിലങ്ങ് പഞ്ചായത്ത് ഒൻപതാം വാർഡിൽ പൊടിയൻ ബസാർ വടക്കുവശം ഏരാശ്ശേരി കുമാരന്റെ ഓട് മേഞ്ഞ വീട് തകർന്നു. മരം വീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. കിടപ്പ് രോഗിയായ കുമാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ സ്ഥലത്തെത്തി.
മേത്തല ശ്രീനഗറിൽ ഇടിമിന്നലേറ്റ് നാല് വീടുകളിൽ നാശനഷ്ടം ഉണ്ടായി. വൈദ്യുതോപകരണങ്ങൾ നശിച്ചു. ഈശ്വരമംഗലത്ത് രാജേഷിന്റെ വീട്ടിലെ സി.സി.ടി.വി കാമറകൾ, ഫാനുകൾ, മോണിറ്റർ, ഇൻവെർട്ടർ, വൈദ്യുതി വിതരണ സംവിധാനം തുടങ്ങിയവ കത്തിനശിച്ചു. വീടിന്റെ ടെറസ്സിൽ നേരിയ വിള്ളൽ വീണിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഫാനുകൾ കത്തിനശിച്ച നിലയിലാണ്.
കോട്ടപ്പുറം ചേരമാൻ പറമ്പിലെ ഇരുന്നൂറിലേറെ വർഷം പ്രായമുള്ള പന മരം നിലംപൊത്തി. കൊടുങ്ങല്ലൂർ മേഖലയിൽ പനമരം അപൂർവമായി മാത്രമേയുള്ളു. 72 അടി നീളമുള്ള ഈ പനമരം കടപുഴകി വീഴുകയായിരുന്നു. വൈകുന്നേരങ്ങളിൽ കുട്ടികൾ കളിക്കുന്ന സ്ഥലത്താണ് മരം വീണതെങ്കിലും മഴയായിരുന്നതിനാൽ കുട്ടികളുണ്ടായില്ല. 1957ൽ നടന്ന കേരള നിയമസഭയിലേയ്ക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആനാപ്പുഴയിലെ ശൂലപാണി ഈ പനയുടെ മുകളിൽ കയറി ചുവന്ന കൊടി നാട്ടിയിട്ടുള്ളതായി പ്രദേശവാസികൾ ഇപ്പോഴും ഓർക്കുന്നു. നഗരസഭാ ചെയർമാൻ കെആർ. ജൈത്രൻ, കൗൺസിലർ വി.എം. ജോണി എന്നിവർ സ്ഥലം സന്ദർശിച്ചു. പുരാവസ്തു വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് വഴിയിൽ തടസമായി കിടക്കുന്ന മരം മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.