ചാലക്കുടി: ഫയർ സ്റ്റേഷനിലെത്തിയ വിദ്യാർത്ഥി സംഘം അമ്പരന്നു. റോഡിലൂടെ സൈറൻ മുഴക്കി ചീറിപ്പാഞ്ഞുപ്പോകുന്ന ഫയർ എൻജിനുകൾ തൊട്ടരികെ നിശ്ചലമായി കിടക്കുന്നത് കണ്ടപ്പോൾ കൗതുകം. പൂലാനി ശ്രീധർമ്മശാസ്ത വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ് പഠനാർത്ഥം ഫയർ സ്റ്റേഷൻ സന്ദർശിക്കാനെത്തിയത്.
ചിലർ ഫയർ എൻജിനുള്ളിൽ കയറി നോക്കി. മറ്റു ചിലർ പ്രവർത്തനങ്ങളെക്കുറിച്ച് ആരാഞ്ഞു. തീ അണയ്ക്കുന്നതും ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതും മറ്റും ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ചിലത് പ്രവർത്തിപ്പിച്ച് കാണിച്ചപ്പോൾ കുട്ടികൾ ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്. ഒന്നാം ക്ലാസ് മുതൽ ഏഴ് വരെയുള്ള 110 വിദ്യാർത്ഥികളാണ് ഫയര്‍ സ്റ്റേഷന്റെ പ്രവർത്തനം കണ്ടു പഠിക്കാനെത്തിയത്.
സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരായ സി.എം. റോഷിനി, പി.എസ്. ശാലിനി, സി.എം. നീതു, സി.സി. മിനി, പി.ജെ. ജയ തുടങ്ങിയവരും ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം നിരീക്ഷിക്കാനും ഇവർ പോയിരുന്നു.