സ്വരൂപിക്കുന്ന പണം കൊണ്ട് മയക്കുമരുന്ന് കച്ചവടത്തിനും പദ്ധതിയിട്ടു
പുതുക്കാട്: സുഹൃത്ത് മൻസൂറിന്റെ 30,000 രൂപയുടെ കടം വീട്ടാനും, മയക്കുമരുന്ന് കച്ചവടത്തിനുള്ള പണത്തിനുമായാണ് കാർ തട്ടികൊണ്ട് പോയി പൊളിച്ചു വിൽക്കാൻ പദ്ധതിയിട്ടത്. പദ്ധതിയുടെ ബുദ്ധി പതിനേഴ് വയസുകാരന്റേതായിരുന്നു..
യൂബർ ടാക്‌സി തട്ടിയെടുക്കുന്നതിന് മുമ്പ് ഇവർ എറണാകുളത്ത് യൂബർ ടാക്‌സി വാടകയ്ക്ക് വിളിച്ച് യാത്ര ചെയ്തു. പിന്നീട് പാലക്കാട് എത്തി അവിടെ നിന്നും യൂബർ ടാക്‌സി വിളിക്കാനായിരുന്നു പദ്ധതി. ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പാലക്കാട് ട്രെയിൻ കടന്ന് പോയതിനാൽ പദ്ധതി തൃശൂരിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് നിന്നും കയറിയ കാർ ബുക്ക് ചെയ്യാൻ ഉപയോഗിച്ച ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ കളഞ്ഞു പോയ ഫോണിലേതാണെന്ന് കണ്ടെത്തി.
കാർ തട്ടിയെടുക്കാനുള്ള ആയുധങ്ങളിൽ കത്തി മൻസൂറിന്റെ വീട്ടിലെ കറിക്കത്തിയും, ഡ്രൈവർ രാഗേഷിന്റെ തലക്കിടിക്കാൻ ഉപയോഗിച്ച പൽചക്രം വീടിനടുത്ത സൈക്കിൾ ഷോപ്പിൽ നിന്നും സംഘടിപ്പിച്ചതുമാണ്. കൗമാരക്കാരനാണ് വേദനസംഹാരി സ്‌പ്രേ രാഗേഷിന്റെ മുഖത്ത് അടിച്ചത്. ഈ സമയം മൻസൂർ തലയിലിടിച്ചു. പിന്നെ ഇരുവരും ചേർന്ന് രാഗേഷിനെ കാറിൽ നിന്നും ബലം പ്രയോഗിച്ച് താഴെ ഇറക്കി. വിജനമായ സ്ഥലത്ത് ആയതിനാലും, പുലർച്ചെ രണ്ട് മണിയായതിനാലും രാഗേഷ് ഒച്ചവെച്ചത് ആരും കേട്ടില്ല.
ജീവൻ വേണമെങ്കിൽ ഓടിക്കൊള്ളാൻ പറഞ്ഞതോടെ രാഗേഷ് ഇറങ്ങിയോടി. ഈ സമയം കാറുമായി പാഞ്ഞു. ദേശീയ പാതയിൽ കൊടകരക്കടുത്ത് ഇവർ കാറിൽ ഡീസൽ അടിച്ച്, പണം നൽകാതെ രക്ഷപെട്ടു. കൊരട്ടിയിൽ ഹൈവേ പൊലീസ് കൈകാണിച്ചതോടെ സിനിമാ സ്റ്റൈലിൽ പാഞ്ഞു. കാലടിയിൽ എത്തിയപ്പോൾ കാർ കേടുവന്നതോടെ പദ്ധതി പാളി. രാഗേഷിന്റെ പണമടങ്ങിയ പഴ്‌സ് കാറിൽ നിന്നും ഇവർ കൈക്കലാക്കി. ഇരുളിൽ ഒളിച്ചിരുന്ന ഇരുവരും നേരം വെളുത്തപ്പോൾ ബസിൽ കൊച്ചിയിലെത്തി. കുറെ സമയം ചുറ്റിക്കറങ്ങി വീടുകളിലെത്തി. വസ്ത്രങ്ങൾ മാറി യാത്രയ്ക്ക് ഒരുങ്ങി. രാത്രി ആലുവ റെയിൽവേ സ്റ്റേഷനിലെത്തി. ഇരുവരും മംഗ്‌ളൂരുവിലേക്ക് രക്ഷപെടാനായിരുന്നു പരിപാടി. ഇതിനിടെയായിരുന്നു അറസ്റ്റ്. സംസാരശൈലി അനുസരിച്ച് കൊച്ചി തോപ്പുംപടി സ്വദേശികളാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇരുവരും സ്വകാര്യ ബസുകളിൽ ലീവ് വേക്കൻസിക്ക് കണ്ടക്ടർമാരായി ജോലി നോക്കിയിട്ടുണ്ട് . മൻസൂർ കുറച്ച് നാൾ മുമ്പുവരെ യു.എ.ഇയിലെ സൂപർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ സ്‌നേഹത്തിലായിരുന്ന പെൺകുട്ടിയുടെ വിവാഹ ആലോചനകൾ നടക്കുന്നതറിഞ്ഞപ്പോഴാണ് നാട്ടിലെത്തിയത്. ഇരുവരും മദ്യവും കഞ്ചാവും ഉപയോഗിക്കുന്നവരാണ്. വാടകയ്ക്ക് വിളിച്ച കാറിൽ കയറുന്നതിന് മുമ്പ് ഇരുവരും മദ്യപിച്ചിരുന്നു.