തൃശൂർ: ശക്തൻ മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ 25 കിലോ അഴുകിയ മീൻ ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലോറിയിലെത്തിയ മീനുകളിലാണ് പഴക്കം ചെന്നവ കണ്ടെത്തിയത്.
അതേ സമയം ഡിറ്റക്‌ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അമോണിയയുടെയോ ഫോർമാലിന്റെയോ സാന്നിദ്ധ്യം കണ്ടെത്തിയില്ല. 12 കടകളിൽ പരിശോധന നടത്തി. ഒരു കടയിൽ നിന്നാണ് അഴുകിയ ഏട്ട മീൻ നശിപ്പിച്ചത്. അഴുകിയ മീൻ വ്യാപകമായി വിൽക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. കോലൻ, അയല, ആവോലി, നത്തോലി, അറക്ക, പപ്പന്നൂസ്, ട്യൂണ, വറ്റ, മത്തി എന്നീ മീനുകളാണ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചത്. ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ സി.എ. ജനാർദ്ദനന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ, രേഖ മോഹൻ, എ. സരിത, ആർ. രേഷ്മ, ഫിഷറീസ് ഇൻസ്‌പെക്ടർ ദീപ, ഹെൽത്ത് ഇൻസ്‌പെക്ടർ നിസാർ എന്നിവർ പങ്കെടുത്തു.