തൃശൂർ : തീരദേശത്തെ കൊലപാതക പരമ്പരയിലെ മുഖ്യസൂത്രധാരനായ മലപ്പുറം സ്വദേശി അൻവരി വിദേശത്ത് താമസിക്കുന്നത് മാലദ്വീപ് പാസ്‌പോർട്ടിലെന്ന് സൂചന. കൊലപാതകങ്ങൾ നടന്ന കാലഘട്ടത്തിൽ ഇയാൾ കർണാടകയിൽ നിന്നാണ് വിദേശത്തേക്ക് കടന്നത്. ഏറെക്കാലം ബഹറിനിൽ താമസിച്ചു. പിന്നീട് മാലദ്വീപിലെത്തി.
ഡി.ഐ.ജിയായിരുന്ന ടി.പി. സെൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്കാലത്ത് അന്വേഷണം. ഇപ്പോൾ പിടിയിലായവരിൽ പലരെയും അന്നും പിടികൂടിയിരുന്നു. ഇവരിൽ ഒരാളുടെ കൈത്തണ്ടയ്ക്കേറ്റ വെട്ടാണ് ഈ കൊലപാതകങ്ങളിൽ ജം ഇയ്യത്തൂൽ ഇസ്ഹാനിയയ്ക്കുള്ള ബന്ധത്തെ കുറിച്ച് സൂചന നൽകിയത്. അൻവർ, തളിപ്പറമ്പ് സ്വദേശി ഡോ.പി. സുബൈർ എന്നിവരാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതെന്നും പിടിയിലായവർ മൊഴി നൽകി.
കൊല്ലപ്പെട്ട ചിലർക്ക് മുസ്ലിം പെൺകുട്ടികളുമായി സൗഹൃദം ഉണ്ടായിരുന്നതും കൊലപാതകത്തിന് പ്രേരണയായതായി അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉയർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഗൾഫ് രാജ്യങ്ങളുമായി പ്രതികളെ കൈമാറുന്നതിനുള്ള നിയമ സംവിധാനം അന്നുണ്ടായിരുന്നില്ല. അതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാതിരുന്നത്.
തൃശൂർ മുതൽ വടക്കൻ ജില്ലകളിൽ ഈ സംഘടനയ്ക്ക് വേരോട്ടം ഉണ്ടായിരുന്നു. തിയേറ്റർ, നോമ്പ് കാലത്ത് പ്രവർത്തിക്കുന്ന ചായക്കടകൾ, കള്ളുഷാപ്പുകൾ എന്നിവ തീവച്ച് നശിപ്പിക്കൽ, കൊള്ള എന്നിവയായിരുന്നു സംഘടനയുടെ ആദ്യകാല ദൗത്യങ്ങൾ. പിന്നീടാണ് കൊലപാതകങ്ങളിലേക്ക് തിരിഞ്ഞത്. അന്ന് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. തൊഴിയൂർ സുനിൽ വധക്കേസിൽ നിരപരാധികളായ സി.പി.എം പ്രവർത്തകർ ശിക്ഷിക്കപ്പെടുകയും ചെയ്തു.