കൊടകര: ഗുരുദേവ ഭക്തർ ഗുരുദേവന്റെ സാത്വികമായ കർമ്മ പദ്ധതിയെ സ്വാംശീകരിച്ച് പ്രവൃത്തിയെ തന്നെ ഗുരുപൂജയാക്കി മാറ്റണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. പേരാമ്പ്ര ഗുരുപുരം ഗുരു ചൈതന്യമഠത്തിൽ പ്രതിമാസം നടന്നു വരുന്ന ദിവ്യ സത്സംഗത്തിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഒരാളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നത് ബാല്യം മുതൽ ശീലിച്ചു വരുന്ന കർമ്മാനുഷ്ഠാനങ്ങളാണ്. അതിനാൽ മാതാപിതാക്കൾ കുട്ടികളെ ഈശ്വരനെയെന്ന വണ്ണം ദർശിച്ച് നല്ലതു പറയുകയും മാതൃകയാകുകയും വേണം. എന്തിനെക്കുറിച്ച് നാം കൂടുതൽ ചിന്തിക്കുകയും കാണുകയും ചെയ്യുന്നുവോ നാം അതായിത്തീരും.
എല്ലാ വീടുകളിലും ഗുരുവിന്റെ രണ്ടു ചിത്രം വേണം. ഒന്ന് പൂജാമുറിയിൽ വച്ച് ധ്യാനിക്കാൻ, മറ്റൊന്ന് വീടിന്റെ പൂമുഖത്തു വെച്ച് ആദരിക്കാൻ. ഗുരുവിന്റെ ചിത്രം കണ്ട് വളരുന്ന കുട്ടികളിൽ ഗുരുവിന്റെ ദർശനവും ജീവിതവും നിറയും. അവർ ഗുരുവിന്റെ ഏക ലോക ദർശനം പ്രചരിപ്പിക്കുന്നവരായി മാറും. അവരുടെ മാർഗ്ഗം നന്മയുടേതായിരിക്കും.
കുമാരനാശാൻ ഗുരുദേവനെ നേരാം വഴികാട്ടും ഗുരു എന്ന് വിശേഷിപ്പിച്ചു. ജന്മം കൊണ്ടു മാത്രമല്ല കർമ്മം കൊണ്ടും യഥാർത്ഥ ശ്രീനാരായണീയരാകണമെന്നും സ്വാമി പറഞ്ഞു. സത്സംഗ യോഗത്തിൽ ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. നരേന്ദ്രൻ കല്ലിക്കട, കെ.സി. ഇന്ദ്രസേനൻ, വിദ്യാധരൻ കുഴൂർ, ബ്രഹ്മചാരി ശിവൻ എന്നിവർ സംസാരിച്ചു...