തൃശൂർ: സാമൂഹിക ക്ഷേമ പെൻഷൻ അപേക്ഷകളിലുള്ള തീരുമാനം 40 ദിവസത്തിനകം അപേക്ഷകനെ അറിയിക്കണമെന്ന് കർശന നിർദ്ദേശം. അപേക്ഷ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടി ഇല്ലാത്തതിനെക്കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണിത്. പുതുതായി പെൻഷൻ അനുവദിച്ചവരുടെയും നിലവിലുള്ള ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെയും പേരുകൾ ഇനി മുതൽ നിർബന്ധമായും ഗ്രാമസഭകളിൽ വായിക്കണം.
അർഹരായവരെ ഒഴിവാക്കുകയോ, അനർഹരെ പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രാമസഭകളിൽ ആക്ഷേപം ഉന്നയിക്കാം. പരാതികളിൽ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കും. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ നിന്ന് പണം തിരിച്ചുപിടിക്കാനും പുതിയ ഉത്തരവിൽ സർക്കാർ നിർദ്ദേശമുണ്ട്. പെൻഷൻ ഗുണഭോക്താക്കളിൽ അനർഹരായ നിരവധി പേർ കയറിക്കൂടിയിട്ടുണ്ടെന്ന ധനവകുപ്പിന്റെ പരാതിയിൽ സർക്കാർ ഇടയ്ക്കിടക്ക് ഉത്തരവിറക്കാറുണ്ട്. ഓരോ ഉത്തരവിനനുസരിച്ചും നടപടി സ്വീകരിക്കുന്നതിനാൽ നിരവധി അർഹരായവർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഇവരുടെ പരാതി വ്യാപകമായതോടെയാണ് പഞ്ചായത്ത് ഡയറക്ടർ ഡോ. ബി.എസ്. തിരുമേനി പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഒഴിയാതെ വാഹന ബാധ
ഇൻഫർമേഷൻ കേരള മിഷൻ മുഖാന്തരമാണ് സ്വന്തമായി വാഹനമുള്ളവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്നത്. പലപ്പോഴും തെറ്റായ വിവരങ്ങളാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കാറുള്ളത്. പ്രാദേശിക തലത്തിൽ അന്വേഷണം നടത്തിക്കഴിയുമ്പോഴാണ് ലഭ്യമായ വിവരം തെറ്റാണെന്ന് അറിയുന്നത്. ഇതനുസരിച്ച് പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കും. വാഹനം വീട്ടിലുണ്ടെങ്കിലും രജിസ്‌ട്രേഷൻ മറ്റൊരാളുടെ പേരിലാണെന്ന് കാട്ടി പട്ടികയിൽ നിന്നൊഴിവാക്കപ്പെട്ടവർ വീണ്ടും പരാതിയുമായെത്തും.
മാസങ്ങളായി നടക്കുന്ന ഈ പ്രതിഭാസം അവസാനിപ്പിക്കാനുള്ള നിർദ്ദേശവും പുതിയ ഉത്തരവിലുണ്ട്. ഒരു തവണ പട്ടികയിൽ നിന്നൊഴിവാക്കാനുള്ള കാരണം തെറ്റാണെന്ന് കണ്ടെത്തിയാൽ പെൻഷൻ പുന:സ്ഥാപിച്ചു നൽകില്ല. പകരം ഇവരുടെ പുതിയ അപേക്ഷ പരിഗണിക്കാനാണ് നിർദ്ദേശം. മൂന്ന് മാസം പെൻഷൻ തുടർച്ചയായി കൈപ്പറ്റാത്തവരെയും ഇനി പട്ടികയിൽ നിന്നൊഴിവാക്കും.
ദുരിതം ഉദ്യോഗസ്ഥർക്ക്
ഇടയ്ക്കിടെ മാറുന്ന ഉത്തരവനുസരിച്ച് ദുരിതം പേറുന്നത് ഉദ്യോഗസ്ഥരാണ്. ഇതിനു പുറമെയാണ് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദവും. തെറ്റായ വിവരമാണ് ഉദ്യോഗസ്ഥർ നൽകിയതെന്ന് കണ്ടെത്തിയാൽ ശമ്പളം ഇല്ലാതാവുകയും ചെയ്യും. - (പേര് വെളിപ്പെടുത്താത്ത പഞ്ചായത്ത് സെക്രട്ടറി)
ജില്ലയിലെ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം:
മൊത്തം 457659
സ്ത്രീ: 301251
പുരുഷൻ: 156404
നഗരപ്രദേശം: 90972
ഗ്രാമം: 366687