vasanthi-menon

ചെറുതുരുത്തി: മഹാകവി വള്ളത്തോളിന്റെ പുത്രിയും കലാമണ്ഡലം കല്പിത സർവകലാശാല ഭരണസമിതിയംഗവുമായ വള്ളത്തോൾ വാസന്തി മേനോൻ (90) അന്തരിച്ചു. ചെറുതുരുത്തി വള്ളത്തോൾ മ്യൂസിയത്തിന് സമീപമുള്ള സ്വവസതിയിൽ ഇന്നലെ പുലർച്ചെ 5.30നായിരുന്നു അന്ത്യം. രണ്ട് മാസത്തിലധികമായി കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9ന് പുതുശ്ശേരി പുണ്യതീരത്ത് നടക്കും.

സഹോദരൻ അച്ചുതക്കുറുപ്പിന്റെ മരണത്തോടെയാണ് കലാമണ്ഡലം ഭരണസമിതിയിലെത്തുന്നത്. വള്ളത്തോളിന്റെയും ചിറ്റഴി മാധവി അമ്മയുടെയും എട്ട് മക്കളിൽ ഇളയവളായി 1929ൽ ജനിച്ച വാസന്തി മേനോൻ കുന്നംകുളം, കോട്ടയം എന്നിവിടങ്ങളിലായി ഇന്റർ മീഡിയറ്റ് പൂർത്തിയാക്കി. കവിയുടെ അനന്തരവൻ വള്ളത്തോൾ കേശവമേനോനുമായുള്ള വിവാഹ ശേഷം ദീർഘകാലം കൊൽക്കത്തയിലും പിന്നീട് കോയമ്പത്തൂരിലുമായിരുന്നു താമസം. 1970ൽ കേരളത്തിൽ സ്ഥിരതാമസമാക്കി. 86ൽ വള്ളത്തോൾ ഭവനം സർക്കാർ ഏറ്റെടുത്തതോടെ വള്ളത്തോൾ മ്യൂസിയത്തിന് സമീപം നാഗില എന്ന വീട്ടിലേക്ക് മാറി. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് നിളാ കാമ്പസിൽ പൊതു ദർശനത്തിനു വച്ചു.

മക്കൾ: മാലിനി, മദനൻ കെ. മേനോൻ, അജിത്കുമാർ, ദിലീപ്കുമാർ. മരുമക്കൾ: രാജഗോപാൽ, സരള, അനുരാധ, രാധിക.