ചാവക്കാട്: ചാവക്കാട് നഗരസഭ 2019 - 20 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള 78 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് കൗൺസിൽ അംഗീകാരം നൽകി. ടെൻഡർ ലഭിക്കാത്ത പ്രവൃത്തികൾക്ക് റീടെൻഡർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. ചാവക്കാട് നഗരസഭാ ബസ് സ്റ്റാൻഡിന് സമീപത്തെ മുൻസിപ്പൽ സ്‌ക്വയറിന് കൂട്ടുങ്ങൽ ചത്വരം എന്ന് നാമകരണം ചെയാനും യോഗം തീരുമാനിച്ചു.

ചക്കംകണ്ടം പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ചീപ്പ് നിർമ്മാണത്തിന് ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. കെ.വി.അബ്ദുൽഖാദർ എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് പുന്നപ്പള്ളി പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.

ഈ വർഷത്തെ കേരളോത്സവം ആഘോഷിക്കും. വഞ്ചിക്കടവിൽ നിർമ്മിക്കുന്ന കുട്ടികളുടെ പാർക്കിലേക്ക് കളിയുപകരണങ്ങൾ വാങ്ങുന്നതിന് 9 ,92,667 രൂപയുടെ പ്രൊഫോർമ യോഗം അംഗീകരിച്ചു. വഞ്ചിക്കടവ് മത്സ്യമാർക്കറ്റ് അറ്റകുറ്റപണികൾ നടത്തുന്നതിനായി എട്ടു ലക്ഷം രൂപയുടെ ടെൻഡറിന് യോഗം അംഗീകാരം നൽകി.

നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, കെ.എച്ച്. സലാം, കെ.കെ. കാർത്യായനി, ഷാഹിത മുഹമ്മദ്, ബുഷറ ലത്തീഫ്, കെ.സി. ബാബുരാജ്, ഹിമ മനോജ്, പി.എ. നാസർ, സലീം പനന്തറ ജോയ്‌സി എന്നിവർ സംസാരിച്ചു.