
ചെറുതുരുത്തി: കലാമണ്ഡലത്തിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെന്ന പോലെ നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ട സ്വന്തം ഓപ്പോളായിരുന്നു വാസന്തി മേനോൻ.
കൊച്ചുകുട്ടികൾ മുതൽ മുതിർന്ന അദ്ധ്യാപകർ വരെ അവരെ സ്‌നേഹത്തോടെ വിളിച്ചിരുന്നതും ഓപ്പോളെന്നായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന അവർ മാറി മാറി വന്ന ഭരണ സമിതിക്കാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. പുഞ്ചിരിയോടും വിനയത്തോടുമുള്ള പെരുമാറ്റം കലാമണ്ഡലത്തിലെ വ്യതിരിക്തമായ മുഖമായി അവരെ മാറ്റി. കലാകാരിയായിരുന്നില്ലെങ്കിലും കഥകളി മുതൽ എല്ലാ കലകളുടെയും നല്ലൊരു ആസ്വാദകയായിരുന്നു. 2017-18 വർഷത്തിൽ കലാമണ്ഡലം മുകുന്ദ രാജ സ്മൃതി പുരസ്‌കാരം നൽകി ആദരിച്ചു. സിനിമയിലും സാന്നിദ്ധ്യമറിയിച്ചു. 1979-80 കാലഘട്ടത്തിൽ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തിന്റെ അമ്മയായി. ഭരത് മുരളിയുടെ ആദ്യ ചിത്രവും ഞാറ്റടിയായിരുന്നു.
കലാമണ്ഡലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും പുഞ്ചിരിയോടെ നേരിട്ട വ്യക്തിത്വമായിരുന്നു ഓപ്പോളുടേതെന്ന് മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ പഠിക്കാനെത്തിയതു മുതൽ ഓപ്പോളുമായുണ്ടായ സൗഹൃദം മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് കലാമണ്ഡലം ഗോപിയാശാൻ പറഞ്ഞു. മൂത്ത സഹോദരിയെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു