തൃശൂർ: തുടർച്ചയായ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയ അനുഭവത്തെ ഉൾക്കൊണ്ടും ജില്ലയുടെ സവിശേഷ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണിത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ 11 അംഗ ഉപദേശക കമ്മിറ്റി ഇതിനായി രൂപീകരിച്ചു. 2018 ലും 19 ലും കേരളത്തിൽ എറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയെന്ന പശ്ചാത്തലം പദ്ധതി പുതുക്കുന്നതിൽ പ്രത്യേകം പരിഗണിക്കും. ഇതിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പിംഗ് ഉൾപ്പടെയുള്ളവ ശാസ്ത്രീയമായി നടത്തും. നേർച്ചകൾ, ഉത്സവങ്ങൾ,പെരുന്നാളുകൾ തുടങ്ങി ആളുകൾ വലിയതോതിൽ ഒത്തുകൂടുന്ന ആഘോഷങ്ങൾ ജില്ലയിൽ കൂടുതലായതിനാൽ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും. ഇത്തരം ആഘോഷങ്ങളുമായും മറ്റും ബന്ധപ്പെട്ട് നടക്കുന്ന വെടിക്കെട്ടുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനും പദ്ധതിയിൽ പ്രത്യേകം ഊന്നൽ നൽകും.
റോഡപകടങ്ങളുടെ കണക്കെടുക്കുകയും അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളുടെ മാപ്പിംഗ് നടത്തുകയും ചെയ്യും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വിവിധ വകുപ്പുകൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ചെലവഴിച്ച കണക്കുകൾ ശേഖരിക്കും. നവംബർ അവസാനത്തോടെ പുതുക്കൽ പ്രക്രിയ പൂർത്തീകരിക്കും. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ddmpthrissur@gmail.com എന്നവിലാസത്തിൽ അയയ്ക്കാം.
പദ്ധതി നാല് ഭാഗങ്ങളായി
ഒന്നാം ഭാഗം
ജില്ലയുടെ അടിസ്ഥാന വിവരങ്ങളും ദുരന്തസാദ്ധ്യതകളെയും അത്തരം പ്രദേശങ്ങളെയും സംബന്ധിച്ച വിവരം
ഭാഗം രണ്ട്
ദുരന്തത്തെ നേരിടുന്നതിനുള്ള പദ്ധതികളും മുൻകരുതലുകളും
മൂന്നാം ഭാഗം
അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളെയും മറ്റും സംബന്ധിച്ച ആവശ്യമായ വിവരം
നാലാം ഭാഗം
ദുരന്തം ഇല്ലാത്ത സമയത്ത് നടത്തേണ്ട ബോധവത്കരണ പ്രവർത്തനങ്ങളെ സംബന്ധിച്ചും മോക് ഡ്രിൽ ഉൾപ്പടെയുള്ളവ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തും.
ജില്ലാതല ഉപദേശക സമിതി അംഗങ്ങൾ
പൊലീസ്, ജിയോളജി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, അഗ്‌നിശമന സേനാ വിഭാഗം, ജലസേചന വിഭാഗം, തദേശസ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ.
.