ലൈസൻസ് റദ്ദാക്കും
ഒരാഴ്ചത്തെ ബോധവത്കരണ ക്ളാസിലേക്ക് ഡ്രൈവറെ അയച്ചു
തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. തൃശൂർ-വരന്തരപ്പിള്ളി- കോടാലി വഴി സർവീസ് നടത്തുന്ന കുയിലൻസ് ബസിലെ ഡ്രൈവർ മേലൂപ്പാടം സ്വദേശി ജയദേവനെതിരെയാണ് കേസ്.
ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇക്കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ആംബുലൻസിന് കടന്നുപോകാനുള്ള പ്രത്യേക പാതയിൽ ജയദേവൻ അതിക്രമിച്ച് കയറി മാർഗം തടസം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഷാജി മാധവൻ ഇക്കാര്യം കണ്ടതോടെയാണ് നടപടിയുണ്ടായത്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് സ്ക്വാഡ് എം.വി.ഐമാരായ എം.എം. ശ്രീനിവാസ് ചിദംബരം, ഇന്ദുധരൻ എന്നിവർ ടോൾ പ്ളാസയിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു.
മാർഗ തടസം സൃഷ്ടിച്ച ബസ് തൊട്ടടുത്ത ദിവസം രാവിലെയും ട്രാക്ക് തെറ്റിച്ച് കയറ്റാൻ ശ്രമിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് ജയദേവനെതിരെ നടപടി സ്വീകരിച്ചത്. ആംബുലൻസിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകേണ്ട പാതയിൽ മാർഗതടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പുതിയ നിയമമനുസരിച്ച് പതിനായിരം രൂപയാണ് പിഴ. ജയദേവനെ മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാൾ ഐ.ടി.ടി.ആറിൽ ഒരാഴ്ചത്തെ ബോധവത്കരണ ക്ളാസിനായി പറഞ്ഞയച്ചു.