പുതുക്കാട്: ബസാർ റോഡ് നവീകരണത്തിന്റെ ഭാഗമായി കൈയ്യേറ്റങ്ങൾ ഒഴുപ്പിച്ചെടുക്കുന്നതിൽ വ്യാപാരികളിൽ ചിലർ നടത്തിവരുന്ന നിസഹകരണം തുടരുന്നതിനിടെ വ്യാജ പ്രചരണങ്ങളും ഏറെ. പലരും റോഡ് കൈയ്യേറിയിട്ടില്ലെന്നും ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥലം കൈയ്യേറുകയാണെന്നുമായിരുന്നു പ്രചരണം.
സർവേ അധികൃതർ അളന്ന് മാർക്ക് ചെയ്ത സ്ഥലമാണ് പൊളിച്ചെടുക്കുന്നത്. കൈയ്യേറിയ സ്ഥലം സ്വന്തമായി പൊളിച്ചുമാറ്റാൻ വേണ്ടുവോളം സമയവും അനുവദിച്ചിരുന്നു. ഇതിനിടെ എതാനും വ്യാപാരികൾ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമ നടപടി സ്വീകരിച്ചവരുടേത് ഒഴിവാക്കിയാണ് ഇപ്പോൾ കൈയ്യേറ്റം പൊളിച്ചുമാറ്റി റോഡ് നവീകരണം നടത്തുന്നത്. വർഷങ്ങളായുള്ള ആവശ്യമായിരുന്നു ബസാർ റോഡ് നവീകരണം. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പ്രത്യേക താൽപര്യമെടുത്ത് അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്. കൈയ്യേറ്റം അളന്നെടുക്കുന്നതിൽ ചില വ്യാപാരികളിൽ നിന്നുമുണ്ടായ പ്രതിഷേധമാണ് നവീകരണം ആരംഭിക്കാൻ വൈകിയത്. അനുവദിച്ച തുക ലാപ്‌സായി പോകുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. സർവേ നടക്കാതായപ്പോൾ പൊതുപ്രവർത്തകരായ വിജു തച്ചംകുളവും ജോയ് മഞ്ഞളിയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് വേഗത്തിൽ സർവേ പൂർത്തീകരിച്ചു. കൈയ്യേറ്റം പൊളിച്ചു മാറ്റാൻ മടിച്ച് പിന്നെയും മാസങ്ങൾ നഷ്ടപ്പെടുത്തി. ഒടുവിൽ പൊളിച്ചുതുടങ്ങിയപ്പോഴും തങ്ങളുടെ സ്ഥലമാണ് പൊളിച്ചെടുക്കുന്നതെന്ന പ്രചരണം അഴിച്ചുവിട്ടു. ഇതിനിടെ കൈയ്യേറ്റ സ്ഥലം പൊളിച്ചുമാറ്റി കാന നിർമ്മാണത്തിന് മണ്ണ് കോരിയപ്പോഴാണ് സത്യം വെളിപ്പെടുത്തി സർവേകല്ലുകൾ പ്രത്യക്ഷപെട്ടത്. ഇതോടെ കള്ള പ്രചരണക്കാരുടെ വായ അടഞ്ഞു. റോഡിന്റെ ഓരത്ത് ഉണ്ടായിരുന്ന പഞ്ചായത്ത് കിണർ വരെ കൈയ്യേറിയവരാണ് നവീകരണത്തിന് സ്ഥലം വിട്ടുനൽകാൻ തയ്യാറാകാതിരുന്നത്. ഇവരിൽ ചിലരാണ് കോടതിയെ സമീപിച്ചിട്ടുള്ളതും.
..............................
നവീന റോഡിൽ
6.20 മീറ്റർ വീതിയിൽ ടാർ റോഡും ഇരുവശങ്ങളിലും ഒന്നേകാൽ മീറ്റർ വീതിയിൽ കോൺക്രീറ്റ് കാനയും, കാനക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ച് ടെയിൽ പാകിയ നടപ്പാതയുമാണ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്. ഒന്നേകാൽ മീറ്റർ കാനയിൽ പൈപ്പ് ലെയിനുകളും കേമ്പിളുകളും സ്ഥാപിക്കാൻ കാൽമീറ്റർ വീതിയിൽ മറ്റൊരു കാനയും നിർമ്മിക്കും. വ്യാപാര സ്ഥാപനങ്ങളുടെ സൗകര്യാർത്ഥം കാനനിർമ്മിക്കാൻ മണ്ണുമാറ്റുന്നിടത്ത് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയ ശേഷമാണ് അതിനടുത്ത സ്ഥലത്തെ മണ്ണെടുപ്പ്. റോഡിന് ഒരു വശത്ത് കാനനിർമ്മാണം പൂർത്തിയാക്കിയ ശേഷമായിരിക്കും മറുവശത്തെ കാനനിർമ്മാണം. പുതുക്കാട് ബസാർ റോഡിന്റെ മുഖഛായ മാറ്റുന്ന നവീകരണത്തിനെ തടസപ്പെടുത്തുന്നവർക്കുള്ള താക്കീതായി കണ്ടെത്തിയ സർവേ കല്ലുകൾ.