കൊരട്ടി: ജംഗ്ഷനിലെ സിഗ്‌നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്നു. രണ്ടാഴ്ച മുമ്പ് ബസ്സിടിച്ചതിനെ തുടർന്നാണ് എറണാകുളം ഭാഗത്തേക്കുള്ള സിഗ്‌നൽ പോസ്റ്റ് തകർന്നത്. വളരെ തിരക്കേറിയ ഇവിടെ ഇതുവരേയും സിഗ്‌നൽ സംവിധാനം പുനസ്ഥിപിച്ചിട്ടില്ല.

കൊരട്ടി തിരുന്നാളിനോട് അനുബന്ധിച്ച് ഇവിടെ അനിയന്ത്രിതമായ തിരക്കും അനുഭവപ്പെടുന്നുണ്ട്. കൃത്യമായ സിഗ്‌നൽ ഇല്ലാത്തതിനെ തുടർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്യുന്നു. പലപ്പോഴും കാൽനടയാത്രികരും ഇരുചക്ര യാത്രികരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആളുകൾ കൊരട്ടി ജംഗ്ഷൻ മുറിച്ചു കടക്കുന്നുണ്ട്. സിഗ്‌നൽ ഇല്ലാത്തതിനെ തുടർന്ന് ദേശീയപാതയിലൂടെ അതിവേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. രാവിലെയും വൈകീട്ടും പൊലീസ് സഹായമുണ്ടെങ്കിലും ഇതെല്ലാം നാമമാത്രമാകുന്നു.