ചാലക്കുടി: വെട്ടിക്കുഴി കോട്ടമല വനമേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തുമ്പൂർമുഴിയിലും ചിക്ലായിയിലും തോടുകൾ കരകവിഞ്ഞൊഴുകി. അഞ്ചു വീടുകളിലേക്ക് വെള്ളം കയറി. അതിരപ്പിള്ളി റോഡിൽ അരമണിക്കൂർ വാഹന ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പെയ്ത അതിശക്തമായ മഴയിലാണ് മലയിൽ നിന്നും വെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ പ്ലാച്ചിത്തോടും ചിക്ലായിത്തോടും ഏറെ നേരം കരകവിഞ്ഞൊഴുകി. ഇവിടെ നിന്നുമുള്ള വെള്ളമാണ് തുമ്പൂർമുഴിയിലും ചിക്ലായിയിലും സംസ്ഥാന പാതയിലെ ഗതാഗത സ്തംഭനത്തിനിടയാക്കിയത്. വിനോദ സഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങൾ ഇത്രയും നേരം റോഡിൽ നിറുത്തിയിട്ടു. ചിക്ലായിയിലെ ശശി, വർഗീസ് എന്നിവരുടേതടക്കം അഞ്ചു വീടുകളിലേക്കാണ് വെള്ളമെത്തിയത്. ഈ കുടുംബങ്ങളെല്ലാം തൊട്ടടുത്ത വീടുകളിൽ അഭയം തേടി. അരൂർമുഴിയിലെ പുളിക്കൽ വർഗീസ്, മുണ്ടക്ക ജോർജ്ജ് എന്നിവരുടെ മതിലുകളും വെള്ളപ്പാച്ചിലിൽ തകർന്നു. വൈകീട്ട് അഞ്ചുമണി മുതലാണ് അതിരപ്പിള്ളി മേഖലയിൽ തുലാവർഷം ശക്തമായി പെയ്തത്. ആദ്യം ഉരുൾപൊട്ടലാണെന്ന് സൂചനയുണ്ടായെങ്കിലും പിന്നീട് മലവെള്ളപ്പാച്ചിലാണെന്ന് സ്ഥിരീകരിച്ചു.