തൃശൂർ: കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനൽ സ്വഭാവമുള്ളവരെ നിയന്ത്രിക്കുന്നതിനുമായി ആരംഭിച്ച 'ഓപ്പറേഷൻ റേഞ്ചർ' വഴിയാണ് കയ്പമംഗലത്ത് പമ്പുടമയുടെ കൊലപാതകത്തിലെ പ്രതികളെയും പുതുക്കാട്ട് ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയവരെയും ഉടൻ പിടികൂടാൻ കഴിഞ്ഞതെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ പദ്ധതി വഴി വർഷങ്ങളായി പിടികിട്ടാപ്പുള്ളികളായി കഴിഞ്ഞിരുന്ന 198 പേർ പിടിയിലായി.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന കുറ്റവാളികളെ അവരുടെ കുറ്റകൃത്യങ്ങൾക്കനുസരിച്ച് മൂന്നു കാറ്റഗറികളായി തിരിച്ച് സ്റ്റേഷൻ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കി ഓരോ കുറ്റവാളിക്കും പ്രത്യേക വ്യക്തിവിവരം തയ്യാറാക്കി ഓരോ പൊലീസുദ്യോഗസ്ഥരെ കുറ്റവാളിയെ നിരീക്ഷിക്കുന്നതിനുള്ള ചുമതലയാണ് പദ്ധതിയിലൂടെ നൽകിയിരിക്കുന്നത്. മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംവിധാനവുമുണ്ട്.
ഈ മാസം ഒന്നിനാരംഭിച്ച'ഓപ്പറേഷൻ റേഞ്ചർ' വഴി 165 കുറ്റവാളികളുടെ പേരിൽ മുൻകരുതൽ നടപടികളും 38 ആളുകളുടെ പേരിൽ ഗുണ്ടാ നിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചു. ഒരു ദിവസത്തെ കോമ്പിംഗ് ഓപറേഷനിൽ മാത്രം തൃശൂർ റേഞ്ചിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 92 പേരെയും വാറണ്ടുകേസുകളിലെ 384 പേരെയും അറസ്റ്റു ചെയ്തു. തൃശൂർ റേഞ്ചിൽ ഉൾപ്പെട്ട തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്.
'ഓപ്പറേഷൻ റേഞ്ചർ' ഇങ്ങനെ:
* സ്റ്റേഷൻ പരിധിയിലെ എല്ലാ കുറ്റവാളികളെയും തിരിച്ചറിയാനുള്ള നടപടി.
* ഓരോ കുറ്റവാളികളുടെയും പേരിൽ പ്രത്യേക ഫയൽ ആരംഭിച്ച് നീക്കങ്ങൾ നിരീക്ഷിക്കൽ.
* വർഗീയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെയും തീവ്രവാദികളുടെയും പട്ടിക തയ്യാറാക്കൽ.
* പകലും രാത്രിയുമായി കോമ്പിംഗ് ഓപ്പറേഷനുകൾ.
* അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം.