തൃശൂർ: ജൈവ പച്ചക്കറിയിൽ 25 ശതമാനം കീടനാശിനി സാന്നിദ്ധ്യമെന്ന് പരിശോധനാഫലം. പൊതുവിപണിയിലെ പച്ചക്കറിയേക്കാൾ അഞ്ചുശതമാനം കൂടുതലാണിത്. വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധനാ ലാബിലെ 'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ പഠനത്തിലാണ് കണ്ടെത്തൽ.
പൊതുവിപണിയിൽ കീടനാശിനി സാന്നിദ്ധ്യം 20 ശതമാനമാണെങ്കിൽ ജൈവപച്ചക്കറി മാർക്കറ്റുകളിലേത് 25 ശതമാനമാണ്. എന്നാൽ കൃഷിഭവനുകളുടെ ഇക്കോഷോപ്പിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച പച്ചക്കറികളിലും കീടനാശിനി 15ശതമാനത്തിൽ താഴെയാണ്.
പൊതുവിപണിയിലെ വെണ്ടയ്‌ക്ക, വഴുതന, കത്തിരി, പച്ചമുളക് തുടങ്ങിയവയിൽ അസ്‌ഫേറ്റ്, ഇമിഡാക്ലോഫ്രിഡ് തുടങ്ങിയ മാരക കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തി.
ശുപാർശ ചെയ്യപ്പെട്ടിട്ടില്ലാത്തതും ചുവപ്പു വിഭാഗത്തിൽപ്പെട്ടതുമായ മോണോ ക്രോട്ടോഫോസിന്റെ സാന്നിദ്ധ്യം പച്ചമുളക്, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക എന്നിവയിലുണ്ട്. കറിവേപ്പിലയിൽ പത്തോളം കീടനാശിനികളാണ് ഉള്ളത്.
കർഷകരുടെ പച്ചക്കറി സേഫ്
കേരളത്തിലെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച പച്ചക്കറികളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് വിഷമുള്ളത്. കുമ്പളം, വഴുതന, ചേമ്പ്, കറിവേപ്പില, മരച്ചീനി, ചതുരപയർ, പീച്ചിങ്ങ എന്നിവ പൂർണസുരക്ഷിതമാണ്. പച്ചചീര, ചുവപ്പ്ചീര, പാവൽ, വെണ്ട, കാബേജ്, മുളക്, സാലഡ് വെള്ളരി, പടവലം, പയർ എന്നിവയിൽ ശുപാർശ ചെയ്യപ്പെടാത്ത മഞ്ഞവിഭാഗത്തിൽപെട്ട കീടനാശിനികളുടെ സാന്നിദ്ധ്യമുണ്ട്. ഇക്കോഷോപ്പുകളിൽ നിന്നുള്ള സാമ്പിളുകളും സുരക്ഷിതമായി കണ്ടെത്തി.
പച്ചമുന്തിരിയിൽ 'ഉഗ്രവിഷം'
പൊതുവിപണിയിലെ പഴവർഗങ്ങളിൽ പച്ചമുന്തിരിയിലാണ് ഏറ്റവുമധികം വിഷമുള്ളത്. കേരളത്തിൽ നിരോധിച്ച പ്രൊഫനോഫോസും 8തരം കീടനാശിനിയിതിലുണ്ട്. കേരളത്തിലെ രസകദളി, മാമ്പഴം, ചെങ്കദളിപ്പഴം, കൈതച്ചക്ക, റോസ് ആപ്പിൾ (ചാമ്പക്ക) എന്നിവയെല്ലാം പൂർണസുരക്ഷിതമാണ്. സുഗന്ധ വ്യഞ്ജനങ്ങളിൽ പെരുംജീരകം, ജീരകം എന്നിവയാണ് അപകടകാരികൾ. ഇവ രണ്ടും കേരളത്തിലുള്ളതല്ല.
പരിശോധിച്ചത്
729 ഭക്ഷ്യവസ്തു വിതരണ ഉറവിടം
കീടനാശിനി അവശിഷ്ടം കണ്ടെത്തിയത് 128 എണ്ണം
ശതമാനത്തിൽ 17.55 ശതമാനം.
കീടനാശിനി തോത്
പച്ചക്കറികൾ
ഉറവിടം......... .....................................എണ്ണം................. കീടനാശിനി ശതമാനം
പൊതുവിപണി....................................... 333............ 20.12%
കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ചവ..... 257...........14.39%
ജൈവപച്ചക്കറി മാർക്കറ്റുകൾ..................... 36....... 25.00%
കൃഷിഭവനുകളുടെ ഇക്കോഷോപ്പുകൾ........... 59......... 10.16%
പഴവർഗങ്ങൾ
പൊതുവിപണി........................... 25 ........................... 28.00%
കർഷകരിൽ നിന്നും
നേരിട്ട് ശേഖരിച്ചവ......................... 8......................... 0.00%
ജൈവപച്ചക്കറി മാർക്കറ്റുകൾ,
കൃഷിഭവനുകളുടെ ഇക്കോഷോപ്പുകൾ......3....................... 0.00%