തൃശൂർ : പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെ കാനകൾ മണ്ണടിഞ്ഞു മൂടിയത് അടിയന്തരമായി വൃത്തിയാക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി. തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് കളക്ടറുടെ നിർദേശം. കാനകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ഉപയോഗിക്കാൻ കളക്ടർ നിർദേശിച്ചു. പെയ്യുന്ന വെള്ളം ഒഴുകി പോവാനുള്ള കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമാവുന്നത്.
എല്ലാ തഹസിൽദാർമാരും റോഡരികിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനും അനധികൃത നിർമ്മിതികൾ തകർക്കാനും കളക്ടർ നിർദേശിച്ചു. തോടുകളുടെ ആഴം കൂട്ടാൻ നടപടി വേണം. ജില്ലയിലെ ഡാമുകൾ ഏതാണ്ട് പൂർണ സംഭരണ ശേഷിയിലാണെന്ന് യോഗത്തിൽ അറിയിച്ചു. പീച്ചി ഡാമിൽ സംഭരണ ശേഷിയുടെ 96 ശതമാനവും ചിമ്മിനിയിൽ 97 ശതമാനവും വാഴാനിയിൽ 98 ശതമാനവും വെള്ളമുണ്ട്. ചെറുകിട ജലസേചന വകുപ്പിന്റെ ഡാമുകളിലും രണ്ട് ഷട്ടറുകൾ ഉയർത്തും. പുഴകളിൽ വെള്ളം കുറവായതിനാൽ നിലവിൽ അപായസാധ്യതയില്ല. എല്ലാ ദിവസവവും ആറ് മണിക്കൂർ ഇടവിട്ട് ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് അറിയിക്കാൻ കളക്ടർ നിർദേശിച്ചു.
ഉച്ചകഴിഞ്ഞ് ചെറുവള്ളങ്ങളിൽ പോവുന്ന മത്സ്യത്തൊഴിലാളികളുടെ ആശയവിനിമയ ഉപാധികൾ പ്രവർത്തിക്കുന്നതായി ഉറപ്പാക്കണം. വിവിധ വകുപ്പുകൾ ആവശ്യമായ തയാറെടുപ്പ് നടത്താനും കളക്ടർ നിർദേശിച്ചു. മേയർ അജിത വിജയൻ, വിവിധ വകുപ്പ് മേധാവികൾ, നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.