കൊടുങ്ങല്ലൂർ: ശാസ്ത്രീയമേളങ്ങളുടെ മത്സരത്തിന് കൊടുങ്ങല്ലൂരിൽ തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ ഗുരുവായൂർ ക്ഷേത്രം വലിയ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. കാവിൽ തെക്കേ മൈതാനിയിൽ രാവിലെ 9 ന് നടന്ന ചടങ്ങ് ടി.എൻ പ്രതാപൻ എം.പി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു. മേള കലാകാരന്മാർ 101 പുസ്തകം നൽകി ടി.എൻ പ്രതാപനെ സ്വീകരിച്ചു. വേണു വെണ്ണറ, പി.കെ രവീന്ദ്രൻ, സി.സി വിപിൻ ചന്ദ്രൻ, വി.എം ജോണി, കെ.എസ് കൈസാബ് എന്നിവർ പ്രസംഗിച്ചു. കെ.ജി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മേള മത്സരം ആരംഭിച്ചു. ആദ്യ മത്സരത്തിൽ തിരുവഞ്ചിക്കുളം അർജുൻ ഉണ്ണി പ്രമാണം വഹിച്ച ആതിഥേയ ടീം നറുക്കെടുപ്പിൽ ലഭിച്ച അഞ്ചടന്ത മേളം 70 മിനിറ്റ് കൊണ്ട് കൊട്ടി തീർത്തു. രണ്ടാം മത്സരത്തിൽ കലാനിലയം അനിൽകുമാറിന്റെ ടീം അടന്തയും, മൂന്നാമത് കോഴിക്കോട് കൊയിലാണ്ടി ശ്രീഹരി ശരത്തിന്റെ ടീം ചെമ്പടയും തുടർന്ന് തൃശൂർ പള്ളിപ്പുറം വൈശാഖിന്റെയും കലാമണ്ഡലം രതീഷിന്റെയും പ്രമാണങ്ങളിൽ ഇന്നത്തെ മത്സരത്തിലെ നാലും അഞ്ചും പാദമേളവും അരങ്ങേറി. സ്വാഗത സംഘം കൺവീനർ സി.എസ് ശ്രീനിവാസൻ, കോ ഓർഡിനേറ്റർ യു.ടി പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.