എരുമപ്പെട്ടി: വേലൂർ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് കൊണ്ടുവന്ന ഗോതമ്പിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഗോതമ്പ് ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് റിപ്പോർട്ട് നൽകി. ഭക്ഷ്യ സുരക്ഷ അസി. കമ്മിഷണർ ബി. ജനാർദ്ധനന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഗോതമ്പ് ഭക്ഷ്യ യോഗ്യമാണെന്ന് സ്ഥിരീകരിച്ചത്.
അരി, ഗോതമ്പ് ചാക്കുകൾക്ക് മുകളിൽ സാധാരണ കാണാറുള്ള ലാർവകളാണ് ഇവിടെ ഏതാനും ചാക്കുകൾക്ക് മുകളിൽ കണ്ടത്. ചാക്കുകൾക്കിടയിൽ വെച്ചിരുന്ന കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റ് അപകടകാരിയല്ലെന്നും ഇത് സാധാരണ ഗോഡൗണുകളിൽ ഉപയോഗിക്കുന്നതാണെന്നും ആരോഗ്യത്തെ ബാധിക്കില്ലെന്നും ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ വ്യക്തമാക്കി.
പത്ത് ദിവസം മുമ്പ് സിവിൽ സപ്ലൈസ് വകുപ്പിന്റെ വേലൂർ ഗോഡൗണിൽ എത്തിച്ച നാല് ലോഡ് ഗോതമ്പിലെ ഏതാനും ചാക്കുകളിലാണ് പുഴുക്കളെ കണ്ടത്. തൃശൂർ കുരിയച്ചിറ ഗോഡൗണിൽ ഇറക്കുമ്പോൾ പുഴുക്കളെ കണ്ടതിനെ തുടർന്ന് മടക്കിയ ഗോതമ്പ് ലോഡ് അത്താണി എഫ്.സി.ഐ ഗോഡൗണിലെത്തിച്ച് ഉദ്യോഗസ്ഥർ അലുമിനിയം ഫോസ്ഫേറ്റ് ഗുളികകൾ വെച്ച് വേലൂരിലേക്ക് അയക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ നിർദ്ദേശപ്രകാരം ലോഡിറക്കാൻ കസ്റ്റോഡിയനും ജീവനക്കാരും അനുവദിച്ചില്ല. തുടർന്ന് സിവിൽ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ വകുപ്പുകളും , എഫ്.സി.ഐ ഉദ്യോഗസ്ഥരും , വിജിലൻസും വേലൂരിലെത്തി പരിശോധന നടത്തി. പുഴുക്കളെയും കീടനാശിനി ഗുളികകളും കണ്ടെത്തിയ സാഹചര്യത്തിൽ ഗോതമ്പ് വിതരണം ചെയ്യാൻ കഴിയില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കളക്ടർക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ എഫ്.സി.ഐയ്ക്ക് വീഴ്ച പറ്റിയതായി വിജിലൻസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗോതമ്പ് മടക്കി അയക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം എഫ്.സി.ഐ ക്വാളിറ്റി അഷ്വറൻസ് പരിശോധന നടത്തി ഗോതമ്പിനകത്ത് പുഴുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഭക്ഷ്യ യോഗ്യമാണെന്നും ഭക്ഷ്യ സുരക്ഷ കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് കമ്മിഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും പരിശോധന നടത്തിയത്. ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ ശിവകാമി അമ്മാൾ, എ.ജി.എം ക്വാളിറ്റി ചെക്കർ എ. അളഗർ സാമി, എഫ്.സി.ഐ ഡിവിഷണൽ മാനേജർ അരവിന്ദ് ചക്രവർത്തി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.