എരുമപ്പെട്ടി: കോടികൾ ചെലവഴിച്ച് നിർമ്മിച്ച വടക്കാഞ്ചേരി- കുന്നംകുളം റോഡിലെ അപാകതകൾ അപകടങ്ങൾക്കെണിയാകുന്നു. പ്രതിഷേധവുമായി എ.ഐ.വൈ.എഫ് രംഗത്തെത്തി. അടുത്തിടെയാണ് ആലത്തൂർ ഗുരുവായൂർ സംസ്ഥാന പാത കൂടിയായ റോഡിന്റെ നിർമ്മാണ പ്രവർത്തനം നടന്നത്.
കടങ്ങോട് പഞ്ചായത്തിലെ കൊല്ലംപടി പ്രദേശത്ത് നിർമ്മാണം കഴിഞ്ഞ ഉടൻ തന്നെ റോഡുകൾ താഴ്ന്ന നിലയിൽ കാണപ്പെട്ടു. നാല് കിലോമീറ്ററിനുള്ളിൽ വിവിധയിടങ്ങളിൽ റോഡ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയതയും മൂലം അപകടങ്ങൾ നിത്യസംഭവമാകുകയാണ്.
റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ എ.ഐ.വൈ.എഫ് കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. നിർമ്മാണത്തിലെ ക്രമക്കേടാണ് അപാകതകൾക്ക് ഇടയാക്കിയതെന്നും ആരോപണമുണ്ട്. കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സുബീഷ് കടങ്ങോട്, സെക്രട്ടറി അഷറഫ് വെള്ളറക്കാട്, മണ്ഡലം പ്രസിഡന്റ് ഹസൻകുട്ടി ആവശ്യപ്പെട്ടു. അപാകതകൾ പരിഹരിക്കണമെന്നും സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.