തൃപ്രയാർ: തളിക്കുളം കലാഞ്ഞിപാലത്തിന് തെക്ക് പുഴയോരത്തെ അനധികൃത കെട്ടിട നിർമാണം എ.ഐ.ടി. യു. സി പ്രവർത്തകർ തടഞ്ഞ് കൊടികുത്തി. തീരദേശ നിയമം കാറ്റിൽ പറത്തിയാണ് സ്വകാര്യ വ്യക്തി പുഴയ്ക്ക് ഒരു മീറ്റർ അകലെ ക്ളിനിക്ക് നിർമ്മാണമെന്ന് പറഞ്ഞ് കെട്ടിടം നിർമ്മിക്കാൻ തറ കെട്ടിയത്. ഏതാനും മാസം മുമ്പ് സമീപത്തെ മോട്ടോർ പുരയുടെ പേരിലാണ് വൈദ്യുതി കണക്‌ഷൻ സമ്പാദിച്ചത്. ഇപ്പോഴാണ് കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി തറ നിർമ്മിച്ചത്. പാവപ്പെട്ട കുടുംബത്തിന് പുഴയോരത്ത് വീട് വയ്ക്കാൻ അനുവാദം നൽകാത്തപ്പോഴാണ് ഈ പ്രവൃത്തിയെന്ന് പറയുന്നു. തറ നിർമ്മാണത്തിന് ശേഷം തുടർ പ്രവൃത്തി ആരംഭിച്ചപ്പോഴാണ് ശനിയാഴ്ച രാവിലെ എ.ഐ.ടി.യു.സി പ്രവർത്തകരെത്തി പണി തടഞ്ഞ് കൊടികുത്തിയത്. ആക്ഷേപം ഉയർന്നതോടെ നാട്ടിക പഞ്ചായത്തധികൃതർ എത്തി സ്‌റ്റോപ്പ് മെമ്മോ നൽകി..