തൃശൂർ: മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയും വൻകുഴികളിൽ വീണും വാഹനയാത്രികർ നട്ടം തിരിയുന്ന കുതിരാനിൽ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ സമരമുഖം ശക്തമാക്കുന്നു.
നാല് കിലോമീറ്റർ കുതിരാൻ പാത മുഴുവൻ ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 9 ന് 25 സംഘടനകൾ സമരം ചെയ്തിട്ടും നടപടിയുണ്ടാകാത്തതോടെ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ജനകീയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവർമാർ, വിവിധ ക്ലബുകൾ, ബസ് ഓണേഴ്‌സ് സംഘടനകൾ, ബസ് തൊഴിലാളി സംഘടനകൾ, ഡ്രൈവർ അസോസിയേഷൻ തുടങ്ങിയവർ സമര വഴിയിലിറങ്ങുകയായിരുന്നു.
അനിശ്ചിതകാല സമരത്തിന് മുന്നോടിയായി, ഇന്നലെ രാവിലെ തുടങ്ങിയ രാപ്പകൽ ഉപവാസ സമരം ഇന്ന് രാവിലെ സമാപിക്കും. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണം വൈകുന്നതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒഴികെയുളള എല്ലാ സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്. നിർമ്മാണ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കുമെതിരായ പ്രതിഷേധവും ശക്തമായി. ദേശീയപാതയുടെ നിർമ്മാണം മുടങ്ങിയിട്ട് ഒന്നരവർഷം പിന്നിട്ടു. അറ്റകുറ്റപ്പണിയും പേരിന് മാത്രം. മഴ പെയ്തതോടെ അടച്ച കുഴിയെല്ലാം വീണ്ടും തുറന്നു. പണി പാതിയാക്കിയിട്ട പാതയിലൂടെയാണ് വാഹനങ്ങളുടെ യാത്ര. വലിയ കുഴികളിൽപെട്ട് വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കുതിരാൻ കടക്കണമെങ്കിൽ മണിക്കൂറുകളെടുക്കും.
പിന്നാക്കം വലിഞ്ഞ് പാർട്ടികൾ
കാരണം ഇവ
കോൺഗ്രസ്
സ്ഥലം എം.പി കോൺഗ്രസിന്റേത്
ഇടതുപക്ഷം
എം.എൽ.എ ഇടതുപക്ഷത്തിന്റേത്
ബി.ജെ.പി.
ദേശീയപാത കേന്ദ്രത്തിന്റെ പരിധിയിൽ
തകരാറിലായി ലോറികൾ
നിരവധി കണ്ടെയ്‌നർ ലോറികളാണ് കുതിരാനിൽ തകരാറിലാവുന്നത്. ഇന്നലെ രാവിലെ ഏഴിന് കുതിരാൻ കയറ്റത്ത് ലോറിയുടെ ഗിയർ ബോക്സ് തകരാറിലായി വഴിയിൽ കിടന്നു. വാഹനം മാറ്റിയെങ്കിലും കുരുക്ക് ഉച്ചവരെ നീണ്ടു. ശനിയാഴ്ചയും ഒരു ലോറി തകരാറിലായിരുന്നു. കൊമ്പഴയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടവുമുണ്ടായി. സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവീസ് നിറുത്തുകയാണ്. പാലക്കാട്ട് നിന്നുളള വാഹനങ്ങൾ പഴയന്നൂർ, ചേലക്കര, വടക്കാഞ്ചേരി വഴിയാണ് തൃശൂരിലെത്തുന്നത്.
നിർദ്ദേശങ്ങൾ
1. കുതിരാനിൽ നാലു കിലോമീറ്റർ റോഡ് വീതി കൂട്ടിയും റീ ടാറിംഗ് നടത്തിയതും കുരുക്ക് പരിഹരിക്കാം.
2. ഒരു തുരങ്കപാതയെങ്കിലും തുറക്കാനുളള സാദ്ധ്യത തേടിയാൽ ഗതാഗത തടസം ഒഴിയും.
3. ഇടത് തുരങ്കത്തിലെ ജോലികൾ 80 ശതമാനവും പൂർത്തിയായതിനാൽ ഉടൻ തുറക്കാനാകണം.
4. കുതിരാൻ പാതയിലെ കൂറ്റൻ മലയിലെ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റണം.
'' ലോറികൾ കുഴിയിൽ വീഴുന്നതും തകരാറിലാവുന്നതും വൻ ഗതാഗതക്കുരുക്കിനാണ് വഴിയൊരുക്കുന്നത്. തകരാറിലായ വാഹനങ്ങൾ മാറ്റിയാലും മണിക്കൂറുകളോളം കുരുക്ക് തുടരും ''
- ഹൈവേ പൊലീസ്