പുതുക്കാട്: വളഞ്ഞുപാടത്ത് പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ക്വാറിയും ക്രഷറും നവീകരിച്ച് പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കത്തിൽ ആറും, ഏഴും വാർഡുകളിലെ പ്രത്യേക ഗ്രാമസഭകൾ ഏകകണ്ഠമായി പ്രമേയം പാസാക്കി. ഒരു കിലോമിറ്റർ ചുറ്റളവിലാണ് നാല് ക്രഷറുകൾ എന്നത് ഗുരുതര പരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.

പ്രവർത്തനം അവസാനിപ്പിച്ച ക്രഷർ യൂണിറ്റ് ഉടമയിൽ നിന്നും മറ്റൊരു കൂട്ടർ വാങ്ങിയാണ് നവീകരണം നടത്തുന്നത്. ഇവരാകട്ടെ വെള്ളിക്കുളങ്ങരയിലെ സ്വന്തം ക്രഷറിൽ നിന്നും നൂറുകണക്കിറ് ലോഡ് കല്ലാണ് ഒരോ ദിവസവും വളഞ്ഞു പാടത്ത് എത്തിച്ച് സ്റ്റോക്ക് ചെയ്യുന്നത്. ക്രഷർ നവീകരണത്തിന്റെ ഭാഗമായി പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനായി നടക്കുന്ന കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലാണ്. കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഇവിടെ കൂടുതൽ കുഴൽ കിണറുകൾ സ്ഥാപിച്ചാണ് വെള്ളം കണ്ടെത്തുന്നത്.

ക്രഷറുകളിൽ നിന്നുള്ള കരിങ്കൽപൊടി പാറുന്നത് ഇപ്പോൾ തന്നെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭ്യമാക്കിയ ക്രഷർ ഉടമയ്ക്ക് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യന്ത്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുഗ്രാമസഭകളിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ അദ്ധ്യക്ഷയായി.