ചേലക്കര: ചേലക്കര ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 2.30ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. യു.ആർ. പ്രദീപ് അദ്ധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി, മുൻ നിയമസഭാ സ്പീക്കർ കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും.
മുൻ എം.എൽ.എ കെ. രാധാകൃഷ്ണന്റെയും യു.ആർ. പ്രദീപ് എം.എൽ.എയുടെയും ആസ്തി വികസന സ്‌കീമിൽ നിന്നും ഉള്ള 2.72 കോടിരൂപ വിനിയോഗിച്ചാണ് ക്ലാസ് മുറി കെട്ടിടം നിർമ്മിച്ചത്. അക്കാഡമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും 8.29 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ടെൻഡർ ചെയ്തിരിക്കുകയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിൻ മൂന്നാം നില പണിയുന്നതിന് 87 ലക്ഷം രൂപയും, ചുറ്റുമതിൽ പണിയുന്നതിന് 123 ലക്ഷം രൂപയും കോളേജ് വിദ്യാഭ്യാസ വകുപ്പ് 2019- 20 വർഷം അനുവദിച്ചിട്ടുണ്ട്. ഇതും ടെൻഡർ നടപടികളിലാണ്. 37 ലക്ഷം രൂപ അനുവദിച്ച് കോളേജിലേക്കുള്ള റോഡും പൂർത്തീകരിച്ചിട്ടുണ്ട്. ഇതടക്കം 13.48 കോടി രൂപ എം.എൽ.എ ഫണ്ട്, സർക്കാർ ഫണ്ട് എന്നിവയൊക്കെയായി കോളേജിലേക്ക് അനുവദിച്ചിട്ടുണ്ട്.