ചാലക്കുടി: സി.പി.ഐക്കും എ.ഐ.വൈ.എഫിനുമെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.ഫെ്.ഐ ചാലക്കുടി സൗത്ത് മേഖലാ സമ്മേളനം. സി.പി.എം അംഗം ചെയർപേഴ്‌സണായിരിക്കുന്ന നഗരസഭയിൽ സി.പി.ഐ അംഗങ്ങൾ പ്രതിപക്ഷത്തെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐയുടെ പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ധാരണ പ്രകാരം സി.പി.ഐയുടെ ചെയർപേഴ്‌സൺ, തത്സ്ഥാനം ഒഴിഞ്ഞതിനു ശേഷം അവരുടെ യുവജന സംഘടനയും വികസന പ്രവർത്തനങ്ങൾ തടപ്പെടുത്തുന്നു.
നഗരത്തിൽ പൂർത്തിയായി കിടക്കുന്ന വികസന പ്രവർത്തനങ്ങൾ ഇതുമൂലം ജനങ്ങൾക്ക് സമർപ്പിക്കാനാകുന്നില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ ചെയർപേഴ്‌സൺ ഭരിക്കുന്ന വേളയിൽ തുടങ്ങിവച്ച പ്രവർത്തനങ്ങളാണ് ഉദ്ഘാടനം ചെയ്യാനുള്ളതെന്ന വിവേകം പോലും അവർക്കില്ലാതെ പോകുന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചു. നോർത്ത് ചാലക്കുടി ബസ് സ്റ്റാൻഡ്, ടൗൺ ഹാൾ എന്നിവ എത്രയും വേഗം ഉദ്ഘാടനം ചെയ്യണമെന്ന് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിബിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രിൻസ് പീറ്റർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി.സി. നിഖിൽ, സെക്രട്ടറി ജിൽ ആന്റണി, ട്രഷറർ നിധിൻ പുല്ലൻ, സംഘാടക സമിതി ചെയാർമാൻ എം.ടി. വിനു, പി.ഒ. വിനു എന്നിവർ പ്രസംഗിച്ചു.