പി.ബി കൊച്ചു മൊയ്‌തീന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു

കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയുമായിരുന്ന പി.ബി കൊച്ചു മൊയ്‌തീന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു, വിട പറഞ്ഞത് ഗ്രാമീണ രാഷ്ട്രീയ രംഗത്ത് നിശ്ചയ ദാർഢ്യം കൈമുതലാക്കിയ കരുത്തനെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗ്രാമപ്രദേശത്തിന്റെ സമഗ്ര വികസനത്തിൽ വലിയ പങ്ക് വഹിച്ച ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകളിലൊന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ളക്സാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവരിൽ ചിലർ അഭിപ്രായപപ്പെട്ടു.

അക്കാലത്ത് പരിസ്ഥിതി മലിനീകരണം തടയാൻ പ്ളാസ്റ്റിക് കിറ്റുകളും മറ്റും ശേഖരിച്ച് മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണം ലക്ഷ്യമിട്ടുള്ള പ്ളാന്റിനായുള്ള ശ്രമങ്ങൾ, മുസിരിസ് പൈതൃക പദ്ധതിയിൽ തഴയപ്പെട്ട പഞ്ചായത്തിനെ പദ്ധതിയിലുൾപ്പെടുത്താൻ നടത്തിയ പോരാട്ടം എന്നിവയെല്ലാം പങ്കെടുത്തവർ സ്മരിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ആദർശ്, വിവിധ കക്ഷി നേതാക്കളായ എൻ.എ ഇസ്മായിൽ മാസ്റ്റർ,

കെ.കെ ഉണ്ണികൃഷ്ണൻ, കെ.കെ സുരേന്ദ്രൻ, അബ്ദുൽകരീം, ജന പ്രതിനിധികളായ എം.ജി അനിൽകുമാർ, ടി.എം ഷാഫി, മിനി തങ്കപ്പൻ, കോൺ. നേതാക്കളായ ടി.എം നാസർ, പി.കെ ഷംസുദ്ധീൻ, വി.സി ജോളി, ഇ.എം ജോസഫ് ദേവസി, സി.കെ. അശോകൻ എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് പോനക്കുഴിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഇ.കെ സജീവൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.