mammiyoor-road
മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ

ഗുരുവായൂർ: ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ ഗുരുവായൂരിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വൈകീട്ട് നാലരയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. ഒന്നര മണിക്കൂറോളം ശക്തമായി പെയ്ത മഴയിൽ തെക്കേനട പൂർണ്ണമായും വെള്ളത്തിലായി. ക്ഷേത്ര ദർശനത്തിന് ഭക്തർക്ക് ഇതുവഴി പോകുന്നതിന് പോലും ബുദ്ധിമുട്ടനുഭവപ്പെട്ടു. കാനയിൽ നിന്നുള്ള മലിനജലം പരന്ന് ഒഴുകുന്നതിനാൽ ഇതിൽ ചവുട്ടിവേണമായിരുന്നു ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ. മമ്മിയൂർ ക്ഷേത്രത്തിന് മുൻ ഭാഗത്തെ റോഡും വെള്ളത്തിനടിയിലായിരുന്നു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും ഏറെ നേരം നിലച്ചു. ശ്രീകൃഷ്ണ ഹൈസ്‌ക്കൂൾ മുതൽ മമ്മിയൂർ ജംങ്ഷൻ വരെയുള്ള ഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലായി. തൈക്കാട് ജംങ്ഷൻ, തിരുവെങ്കിടം, കാരക്കാട്, എടപ്പുള്ളി പ്രദേശങ്ങളിലെ റോഡുകളും വെള്ളത്തിൽ മുങ്ങി.