തൃശൂർ : കേരളത്തിലെ ആദ്യ സംസ്ഥാന ഓപ്പൺ കിഡ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് തൃശൂർ തോപ്പ് സ്റ്റേഡിയം വേദിയായി. സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷനും ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷനുമായി സഹകരിച്ച് എക്‌സെൽ അത്‌ലറ്റിക് ക്ലബ് സംഘടിപ്പിച്ച കിഡ്‌സ് അത്‌ലറ്റിക് മീറ്റ് ഒളിമ്പ്യൻ പി.ടി ഉഷ ഉദ്ഘാടനം ചെയ്തു. തൃശൂർ ആസ്ഥാനമായുള്ള എക്‌സെൽ അത്‌ലറ്റിക് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനവും പി.ടി ഉഷ നിർവഹിച്ചു.
ചെറുപ്രായത്തിലുള്ള കുട്ടികളുടെ അത്‌ലറ്റിക് മീറ്റുകൾ പലയിടത്തും നടത്താറുണ്ടെങ്കിലും, രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ നിന്നുപോകുകയാണ് പതിവെന്ന് പി ടി ഉഷ പറഞ്ഞു. കുറേ കാലങ്ങൾക്ക് ശേഷമാണ് ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാന്റെ നേതൃത്വത്തിൽ എക്‌സെൽ ക്ലബ് വിപുലമായ രീതിയിൽ കുട്ടികൾക്കായുള്ള അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്.
6-8, 8-10, 10-12 എന്നീ പ്രായത്തിലുള്ള ഗ്രൂപ്പുകളിലായാണ് മത്സരം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 1550 കുട്ടി കായികതാരങ്ങൾ ആദ്യ കിഡ്‌സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്തു. ഉദ്ഘാടനസമ്മേളനത്തിൽ എക്‌സെൽ അത്‌ലറ്റിക് ക്ലബ് പ്രസിഡന്റ് ലിജോ ഡേവിസ് തോട്ടാൻ അദ്ധ്യക്ഷനായി. ഒളിമ്പ്യൻ പി. രാമചന്ദ്രൻ, കെ.ജെ. ജെപ്‌സൺ, സ്റ്റാലിൻ റാഫേൽ, ഫാ. മാർട്ടിൻ കുളമ്പ്രത്ത്, ശ്രീനിവാസൻ, ജോസഫ് എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപനയോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ സമ്മാനവിതരണം നടത്തി.