കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് നിശ്ചലമായിട്ട് 490 ദിവസം തികഞ്ഞ ഇന്നലെ അഴീക്കോട് ജെട്ടിയിൽ ഇന്നലെ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മനുഷ്യാവകാശ കൂട്ടായ്മ നിരാഹാര സമരം നടത്തി. ജയിംസ് തെരുവിലിന്റെ അദ്ധ്യക്ഷതയിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ സീതിമാസ്റ്റർ നിരാഹാരം ഉദ്ഘാടനം ചെയ്തു.

സിറാജ് ചിറയ്ക്കൽ, പി.എ മനാഫ്, ഷഫീർ മാസ്റ്റർ, ബഷീർ, രമേഷ് മേത്തല തുടങ്ങിയവർ സംസാരിച്ചു. വിവിധ സാമൂഹിക - സാംസ്കാരിക പ്രവർത്തകരും സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. തീരദേശ ഗ്രാമമായ അഴീക്കോട് നിവാസികളുടെ യാത്രാ ദുരിതത്തിന് ഉത്തരവാദി ജില്ലാ പഞ്ചായത്താണെന്ന് മനുഷ്യാവകാശ കൂട്ടായ്മ ആരോപിച്ചു. അഴീക്കോട് ജെട്ടിയിൽ ജങ്കാർ കരയ്ക്ക് അടുപ്പിച്ച് കെട്ടിയിരുന്ന ഊന്നിക്കുറ്റികൾ ഒടിഞ്ഞതിന്റെ പേരിലാണ് ജങ്കാർ സർവീസ് തടസപ്പെട്ടത്.

ഇതുമൂലം യാത്രാ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം കോടികൾ വിലയുള്ള ജങ്കാറും തുരുമ്പെടുത്ത് നശിക്കുകയാണെന്ന് മനുഷ്യാവകാശ കൂട്ടായ്മ ചൂണ്ടിക്കാണിച്ചു. നിരാഹാര സമരം സമാപന സമ്മേളനം സൈക്കിളിൽ ലോകം ചുറ്റിയ എഴുത്തുകാരൻ എ.കെ.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.