പുതുക്കാട് : വാർദ്ധക്യ സഹജമായ അസുഖം മൂലം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പട്ടികജാതി വിഭാഗത്തിൽപെട്ട തൃക്കൂർ മതിക്കുന്ന് പൊല്ലേരി വീട്ടിൽ കുട്ടനെ (85) ആരോഗ്യ വകുപ്പ് ജീവനക്കാർ വട്ടം കറക്കി. രണ്ടാഴ്ച മുമ്പ് വീട്ടിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഓക്‌സിജൻ നൽകൽ മാത്രമാണ് ഇനിയുള്ളതെന്നും അതിനാൽ വീടിനടുത്ത ആശുപത്രിയിൽ അഡ്മിറ്റാക്കാൻ മെഡിക്കൽ കോളേജിൽ നിന്നും ഉപദേശിച്ചത് അനുസരിച്ചാണ് കുട്ടനെ ആംബുലൻസിൽ ഇന്നലെ വൈകീട്ട് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ഓക്‌സിജൻ നൽകാൻ സൗകര്യമില്ലെന്ന് പറഞ്ഞ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു. കുട്ടന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മക്കൾ മറ്റൊരു ആംബുലൻസ് വിളിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെയും ചികിത്സ നിഷേധിച്ചെന്ന് മക്കൾ പറഞ്ഞു . തുടർന്ന് വീണ്ടും പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇതിനിടെ സംഭവം അറിഞ്ഞ നാട്ടുകാരിൽ ചിലർ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ടു. പ്രസിഡന്റ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പുതുക്കാട് താലൂക്ക് ആശുപത്രി അധികൃതർ തയ്യാറായി.

അത്യാസന്ന നിലയിലായ കുട്ടനെ മൂന്ന് മണിക്കൂറോളമാണ് അധികൃതരുടെ അനാസ്ഥ കൊണ്ട് വട്ടം കറക്കിയത്. അത്യാഹിത വിഭാഗത്തിന്റെ പരിചരണം ലഭിക്കേണ്ട രോഗിയായതിനാലാണ് തൃശൂരിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. പുതുക്കാട് അത്യാഹിത ചികിത്സാ സൗകര്യം ലഭ്യമല്ല. ഓക്‌സിജൻ സൗകര്യം കാഷ്വാലിറ്റിയിൽ മാത്രമേ ഉള്ളൂ. ഇത്തരം സാഹചര്യത്തിലാണ് സൗകര്യം ഉള്ള ജില്ലാ ആശുപത്രിയിൽ നിന്നും സൗകര്യം ഇല്ലാത്ത പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടത്..