പാവറട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ അടിസ്ഥാന വികസന പ്രവർത്തത്തിലേക്ക് ഒരു ലക്ഷം രൂപ നൽകി പൂർവ വിദ്യാർത്ഥി മാതൃകയായി. പൂർവ വിദ്യാർത്ഥി മുല്ലശ്ശേരി സ്വദേശി ബാലകൃഷ്ണൻ വട്ടംപറമ്പിൽ ആണ് സ്വമേധയാ ഒരു ലക്ഷം രൂപ സ്‌കൂളിന് സംഭാവന നൽകിയത്. 'എന്റെ കൗമുദി ' പദ്ധതി പ്രകാരം അദ്ദേഹം സ്‌പോൺസർ ചെയ്ത പത്രം കൈമാറാൻ എത്തിയതായിരുന്നു ബാലകൃഷ്ണൻ.

സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കന്ന പദ്ധതിക്ക് 10 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ച് കോടി രൂപ ബഹുജനങ്ങളിൽ നിന്നും സ്‌കൂൾ അധികൃതർ കണ്ടെത്തണം. ഇതിലേക്ക് ആദ്യ സംഭാവനയാണ് ബാലകൃഷ്ണന്റേതെന്ന് പ്രിൻസിപ്പൽ എൻ. ശൈലജ പറഞ്ഞു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ എൻ. ശൈലജയും പ്രധാന അദ്ധ്യാപിക ടി.വി. ഹേമലതയും ചേർന്ന് ബാലകൃഷ്ണൻ വട്ടംപറമ്പിൽ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു.

കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബ് മുല്ലശ്ശേരി യൂണിറ്റ് ചെയർമാൻ എൻ.ആർ. അജിത്ത് പ്രസാദ്, പൂർവ്വ വിദ്യാർത്ഥി സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, അദ്ധ്യാപകരായ എൻ. കൃഷ്ണ ശർമ്മ, ജിതേഷ് മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ സംസാരിച്ചു.