തൃശൂർ: സാധാരണ വൈകിട്ട് പെയ്തു തുടങ്ങുന്ന തുലാവർഷമഴ, കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മുതൽ തന്നെ പെയ്യാനിടയാക്കിയത് അറബിക്കടലിൽ രൂപം കൊണ്ട അതിശക്ത ന്യൂനമർദ്ദം.
തുലാമഴ ശക്തമായി തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനത്തെ തുടർന്നാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ചുദിവസം കൂടി ശക്തമായ മഴയ്ക്കും 40 കി.മീ വേഗത്തിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുളളതിനാൽ തീരദേശമേഖല ആശങ്കയിലാണ്. തുലാമഴയിലേതു പോലെ അസ്വാഭാവിക വ്യതിയാനങ്ങൾ കാലവർഷത്തിലുണ്ടായി. സാധാരണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൻ്റെ പിൻമാറ്റം സെപ്തംബർ അവസാനമാാണ് പതിവ്. ഈ ആണ്ടിൽ വൈകി. ജൂണിൽ കാലവർഷം എത്താനും താമസിച്ചു. തുടക്കം വളരെ മോശമായിരുന്നെങ്കിലും റെക്കാഡ് മഴയുമയാണ് ഇടവപ്പാതിയുടെ പിൻമാറ്റം. കേരളത്തിലെ കാലവർഷമേഘങ്ങളുടെ അടിസ്ഥാനഘടനയിൽ വ്യത്യാസം സംഭവിച്ചതായും പഠനമുണ്ടായിരുന്നു. കാലവർഷത്തിൽ പതിവില്ലാതെ ഇടിമിന്നലുണ്ടാകുന്നതിന് കാരണവും ഇതാണെന്നാണ് വിലയിരുത്തലുണ്ടായി.
അതേസമയം, അപ്രതീക്ഷിതമായ തുലാവർഷത്തിൽ നഗരങ്ങളെല്ലാം വെള്ളക്കെട്ടിലാകുമ്പോൾ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അലർട്ടുകളിൽ ജില്ലയിലെ കൃത്യമായ സ്ഥലം വ്യക്തമാക്കാൻ കഴിയാത്തത് മുന്നൊരുക്കങ്ങൾക്ക് തടസമാകുന്നുണ്ടെന്ന ആക്ഷേപവുമുയർന്നു.
ഡാം ഷട്ടറുകൾ ഉയർത്തി
$ പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളുടെ നാല് ഷട്ടറുകളും രാവിലെ ഉയർത്തിയത് 15 സെന്റീമീറ്റർ വീതം.
$ പീച്ചിയിൽ 4 ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി 20 സെ.മീ. ആയി ക്രമീകരിച്ചു
$ ചിമ്മിനിയിൽ 4 ഷട്ടറുകൾ 10 സെ.മീ. ഉയർത്തി 25 സെ.മീറ്ററാക്കി, ജലവിതാനം 76.03 മീ.(പരമാവധി: 76.4 മീ)
$ ഷോളയാറിൽ 2661.3 അടി ജലവിതാനം, വെള്ളം തുറന്ന് വിടാൻ രണ്ടാം മുന്നറിയിപ്പും നൽകി
$ ഷോളയാർ തുറന്നാൽ ഉയരുന്നത് ചാലക്കുടി പുഴയിലെ ജലവിതാനം
ആശങ്കയായി പുഴകൾ
ജലവിതാനമുയർന്ന് ചാലക്കുടി, കുറുമാലി, വടക്കാഞ്ചേരി, മണലി പുഴകൾ
ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ, കർശനനിരീക്ഷണവുമായി ഇറിഗേഷൻ അധികൃതർ
കാലാവസ്ഥാഗവേഷകരുടെ നിർദ്ദേശങ്ങൾ:
1. മഴയുടെ പ്രത്യാഘാതം തീരദേശത്തും ഇടനാടുകളിലും മലയോരത്തും വ്യത്യസ്തമായതിനാൽ അലർട്ടുകൾ ജില്ലയിലെ ഏത് സ്ഥലങ്ങളിൽ എപ്പോൾ എന്ന് കൃത്യമായി പ്രഖ്യാപിക്കാനാകണം
2. മഴയും താപനിലയും ബാഷ്പീകരണതോതും കാറ്റുമെല്ലാം രേഖപ്പെടുത്തുന്ന മാപിനി തൃശൂർ നഗരത്തിൽ വേണം. നിലവിലുളളത് മണ്ണുത്തി കാർഷികസർവകലാശാലയിൽ ആയതിനാൽ നഗരത്തിലെ അളവ് ലഭിക്കുന്നില്ല.
മഴയളവ്:
ഞായർ: 240 മി.മീറ്റർ
ഇന്നലെ: 292 മി.മീ
'' കാലവർഷത്തിൽ അസ്വാഭാവികമായ മാറ്റങ്ങളുണ്ട്. ഇപ്പോഴത്തെ മഴ ശക്തമായ ന്യൂനമർദ്ദം കൊണ്ടാണ്. എവിടെ, എപ്പോൾ, എത്ര ശക്തമായി ന്യൂനമർദ്ദത്തിൻ്റെ ഫലമായി മഴയുണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. ''
-ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ