തൃശൂർ: മഹത്വവത്കരിച്ച പാരമ്പര്യ ഭാരത്തിൽ നിന്നും സംഗീതത്തിന്റെ മർക്കടമുഷ്ടിയിൽ നിന്നും എ. അയ്യപ്പൻ മലയാള കവിതയെ മുക്തമാക്കിയെന്ന് കവി പി.എൻ. ഗോപീകൃഷ്ണൻ. അയനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാഡമിയുടെ ചിത്രമേടയിൽ എ. അയ്യപ്പൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യപ്പൻ കവിതകൾ പുനർവായിക്കേണ്ട രാഷ്ട്രീയ സന്ദർഭമാണിതെന്നും ആഘോഷിക്കുന്നതിലേറെ രാഷ്ട്രീയ ധ്വനികളുടെ കവിയായാണ് അയ്യപ്പനെ വായിക്കേണ്ടതെന്നും കവി അൻവർ അലി പറഞ്ഞു. ജീവിതം കൊണ്ടും കവിത കൊണ്ടും സാമ്പ്രദായിക രീതികളെ അട്ടിമറിച്ച കവിയായിരുന്നു എ. അയ്യപ്പനെന്ന് കവി കെ.ആർ. ടോണി പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷനായി.
മാധവി മേനോൻ, പ്രസന്ന ആര്യൻ, പ്രൊഫ. വി. ജയകൃഷ്ണൻ, വർഗീസാന്റണി, പി.എ. അനീഷ്, ബക്കർ മേത്തല, ഭാസി പാങ്ങിൽ, സലിം ചേനം, ഷിംന, ശാലിനി പടിയത്ത്, നൗഫൽ പനങ്ങാട്, ജയപ്രകാശ് എറവ്, പി. സലിംരാജ്, സാം കൊട്ടാരക്കര, തിലകൻ പുളുംകുഴി, സുജോബി ജോസ്, കെ.കെ. സുധാകരൻ തുടങ്ങിയവർ അയ്യപ്പൻ ഓർമ്മകളും കവിതകളും പങ്കുവച്ചു. സനിത അനൂപ് സ്വാഗതവും ജി.ബി. കിരൺ നന്ദിയും പറഞ്ഞു.