കൊടുങ്ങല്ലൂർ: ഭാഷയ്ക്ക് കാലത്തിനൊപ്പം സഞ്ചരിക്കാനാകണമെന്നും മാറ്റത്തിനനുസരിച്ച് പ്രാദേശിക ഭാഷകൾ നവീകരിക്കപ്പെടണമെന്നും മലയാളം സർവകലാശാല മുൻ വൈസ് ചൈൻസലർ കെ. ജയകുമാർ. എം.ഇ.എസ് സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അലുംമ്‌നിയും പി.ടി.എയും സംയുക്തമായി നിർമ്മിച്ച ഡോ. സി.എ. അബ്ദുൾ സലാം വിന്നേഴ്സ് ഹാളിന്റെ ഉദ്ഘാടനവും യുണൈറ്റഡ് നേഷൻസ് ഇംപാക്ട് പ്രോഗ്രാമും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ അലുംമ്നി ചെയർമാൻ ആസ്പിൻ അഷ്റഫ് സ്നേഹോപഹാര സമർപ്പണം നടത്തി. ഡോ. കെ.പി. സുമേധൻ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ വിന്നേഴ്സ് ഹാളിന്റെ നാമകരണം മുൻ സെക്രട്ടറിയും കറസ്പോണ്ടന്റുമായ അബ്ദുൾ സലാം നിർവഹിച്ചു. സലീം അറയ്ക്കൽ, റാഫി പള്ളിപ്പറമ്പിൽ, ഡോ. വി.എം. അസ്മ തുടങ്ങിയവർ സംസാരിച്ചു.

എം.കെ. നജീബ്, കെ.എം.എം. അഷ്റഫ്, കെ.കെ. സഫറലി ഖാൻ, യൂണിയൻ ചെയർമാൻ കെ.എം. നൗഫിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാഷ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മലയാള വിഭാഗം അദ്ധ്യക്ഷ ഡോ. ജെയ്സി ഡേവിഡ് വിഷയാവതരണവും, ഭാഷയുടെ ഭാവി, വിവര സാങ്കേതിക യുഗത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ. ജയകുമാറും പ്രഭാഷണം നടത്തി. വീണാലക്ഷ്മി നന്ദി പറഞ്ഞു.