തൃശൂർ : കുന്നംകുളത്ത് നവംബർ 2 മുതൽ 4 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. ശാസ്‌ത്രോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയച്ച് കിട്ടിയ ലോഗോകളിൽ നിന്ന് തെരഞ്ഞടുത്തതാണ് പ്രകാശനം ചെയ്തത്. കൊയിലാണ്ടി സ്വദേശി അനീഷ് പുത്തഞ്ചേരിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. പബ്ലിസിറ്റി കൺവീനർ പി.ജെ. ഐസക്ക്, അദ്ധ്യാപകരായ പ്രദീപ്, പ്രസാദ് എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐ.ടി, ഗണിതം, കരിയർ എക്‌സ്‌പോ വിഭാഗങ്ങളിലായി സംസ്ഥാനത്ത് നിന്നും പതിനായിരത്തിലേറെ കുട്ടികളും അത്രതന്നെ അദ്ധ്യാപകരും അണിനിരക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവം ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചാണ് സംഘടിപ്പിക്കുകയെന്ന് സംഘാടക സമിതി അറിയിച്ചു. ഇതു സംബന്ധിച്ച അവലോകനയോഗം കുന്നംകുളത്ത് നടന്നു. കുന്നംകുളം ഗവ. ബോയ്‌സ് സ്‌കൂളിൽ ചേർന്ന യോഗത്തിൽ എ.ഡി.പി.ഐ: സി.എ. സന്തോഷ്, ഡി.ഡി.ഇ: മദൻമോഹനൻ, ക്യു.ഐ.പി. എൻ. ഗീത, വിവിധ കമ്മിറ്റി കൺവീനർമാർ, ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.