ഗുരുവായൂർ: പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിൽ യോജിപ്പില്ലാത്തത് അമൃത് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ടി.എൻ. പ്രതാപൻ എം.പിയുടെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗം വിലയിരുത്തി. ഗുരുവായൂരിലെ അമൃത് പദ്ധതിയുടെ നിർവഹണം വിലയിരുത്താൻ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിലാണ് ഇരുവകുപ്പുകൾക്കുമെതിരെ പരാതി ഉയർന്നത്. ഇതേത്തുടർന്ന് രണ്ടാഴ്ചയിലൊരിക്കൽ ഇരു വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗം ചേർന്ന് ആശയവിനിമയം നടത്തണമെന്ന് യോഗം നിർദേശിച്ചു.
അമൃത് പദ്ധതിയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം അടിയന്തരമായി ചേരുമെന്ന് ടി.എൻ. പ്രതാപൻ എം.പി യോഗത്തിൽ അറിയിച്ചു. ഇപ്പോൾ നടപ്പാക്കി വരുന്ന അമൃത് പദ്ധതിയിലെ പ്രതിസന്ധികൾ പരിഹരിക്കാനാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്.
അമൃത് പദ്ധതിയുടെ കാലാവധി രണ്ടുവർഷം കൂടി നീട്ടുന്നതിന് ശിപാർശ സമർപ്പിക്കുമെന്ന് കേന്ദ്ര നഗരകാര്യമന്ത്രാലയ സെക്രട്ടറി ദുർഗാശങ്കർമിശ്ര തൃപ്തി നേരത്തെ അറിയിച്ചിരുന്നു. ഗുരുവായൂരിനും 2021 മാർച്ച് വരെ സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കും. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ദേവസ്വത്തോട് ആവശ്യപ്പെടും.
കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, സബ് കളക്ടർ അഫ്‌സാന പർവീൺ, പ്രൊജക്ട് ഡയറക്ടർ സറീന റഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം, വാട്ടർ അതോറിറ്റി, പി.ഡബ്ലു.ഡി, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.