മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് വെള്ളത്തിൽ മുങ്ങിയ നേന്ത്രവാഴക്കൃഷി.
കൊടകര: ദിവസങ്ങളായി പെയ്യുന്ന മഴ താഴ്ന്ന പ്രദേശങ്ങളിലെ കൃഷികൾ വെള്ളത്തിലാക്കിയത് കർഷകർക്ക് ദുരിതമായി. മഴയിൽ മറ്റത്തൂരിൽ തോടും പാടവും ഒന്നായി. കിഴക്കേകോടാലി, കൊടുങ്ങ, വെള്ളിക്കുളങ്ങര, വാസുപുരം, ചെട്ടിച്ചാൽ പ്രദേശങ്ങളിൽ ആയിരക്കണക്കിന് നേന്ത്രവാഴകൾ വെള്ളത്തിലായി. മുങ്ങിയ വാഴക്കണ്ണുകൾക്ക് പഴുപ്പ് ബാധിച്ചാൽ വീണ്ടും കൃഷിയിറക്കേണ്ട അവസ്ഥ വരുമെന്ന് കർഷകർ പറഞ്ഞു. കൊയ്ത്ത് പാടത്ത് പ്രതീക്ഷിക്കാതെയെത്തിയ മഴ നെൽകർഷകരെയും ദുരിതത്തിലാക്കി. മറ്റത്തൂർ പഞ്ചായത്തിലെ പാടശേഖരമായ കോടാലിപ്പാടത്തെ കന്നിക്കൊയ്ത്താണ് മഴവെള്ളം കയറി തടസമായത്. വിളഞ്ഞ നെൽപ്പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 65 ഏക്കറോളം വരുന്ന കോടാലിപ്പാടത്ത് ദിവസങ്ങൾക്ക് മുമ്പ് കൊയ്ത്ത് തുടങ്ങിയെങ്കിലും വെള്ളത്തിൽ മുങ്ങി. എന്നാൽ യന്ത്രകൊയ്ത്തിന് സാധിച്ചില്ലെങ്കിൽ വിളവെടുപ്പ് ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.