തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി യു.ഡി.എഫ് നടത്തുന്ന സമരം സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പ്രസ്താവനയിൽ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ വന്നതിനു ശേഷം തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 677.55 കോടി രൂപ അനുവദിച്ചു. 125ൽ പരം നിയമനങ്ങളും നടത്തി.
ഗവ. മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഉൾപ്പെടെയുളള സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 280 കോടി രൂപ അനുവദിച്ചു. ആർദ്രം പദ്ധതിക്ക് 3.86 കോടി രൂപ അനുവദിച്ച് രോഗികൾക്ക് മികച്ച ഒ.പി ലാബ് സൗകര്യം ലഭ്യമാക്കി. മാതൃ - ശിശു വിഭാഗത്തിന് 277.7 കോടി രൂപയും കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിന് 8.6 കോടിയും കാൻസർ രോഗ വിഭാഗത്തിന്റെ വികസനത്തിനായി 22 കോടിയും അനുവദിച്ചു. കുറഞ്ഞ ചെലവിൽ രോഗികൾക്ക് മികച്ച ശസ്ത്രക്രിയാ സൗകര്യങ്ങൾ ലഭ്യമാക്കി.
മുൻ എം.പി.ഡോ.പി കെ ബിജുവിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കാൻസർ രോഗികൾക്ക് കീമോ ഡേ കെയർ സൗകര്യം ലഭ്യമാക്കി. കീമോ ഡേ കെയറിൽ സർജറി ബ്ലോക്ക് ആരംഭിക്കുന്നതിന് രണ്ട്‌കോടി രൂപ അനുവദിച്ചു. രോഗികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഇത്തരം സമരമെന്ന് എം.എം.വർഗീസ് പറഞ്ഞു.