കൊടുങ്ങല്ലൂർ: ഇന്നലെ പെയ്ത പെരുമഴയിൽ കൊടുങ്ങല്ലൂരിന്റെ തീരദേശം വെള്ളക്കെട്ടിലമർന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി യുവാക്കൾ ഒത്ത് ചേർന്ന് മനുഷ്യ പ്രയത്‌നത്തിലൂടെ അറപ്പ പൊട്ടിച്ചു. എടവിലങ്ങിലെ പുതിയ റോഡിലാണ് അറപ്പ പൊട്ടിക്കൽ നടന്നത്. ഇക്കുറി പലവട്ടം അറപ്പ പൊട്ടിക്കൽ നടന്നിരുന്നു. ജെ.സി.ബി ഉപയോഗിച്ചായിരുന്നു നടന്നിരുന്നത്. എന്നാൽ അറപ്പയിൽ സ്വാഭാവിക പ്രക്രിയ എന്ന നിലയിൽ മണ്ണു വന്നടിഞ്ഞതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ തടസ്സം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇന്നലെ ഉണ്ടായത്. ശ്രീനാരായണപുരം, എറിയാട് പഞ്ചായത്തുകളിലെ കൂടി വെള്ളക്കെട്ടൊഴിവാക്കാനുള്ള ഉപാധിയായി കരുതപ്പെടുന്ന അറപ്പ പൊട്ടിക്കലിന് ഇക്കുറി എടവിലങ്ങ് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശും സി.പി.എം ലോക്കൽ സെക്രട്ടറി സി.എ. ഷെഫീർ, ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറി സിബിൽ, പ്രസിഡന്റ് വിനിൽദാസ്, ട്രഷറർ ഫഹദ് എന്നിവരുമാണ് നേതൃത്വം നൽകിയത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്നാണ് ഔദ്യോഗിക ഇടപെടലിന് കാത്ത് നിൽക്കാതെ സഹപ്രവർത്തകരുമൊത്ത് അറപ്പ പൊട്ടിക്കാനിറങ്ങിയതെന്ന് ആദർശ് വ്യക്തമാക്കി.