തൃശൂർ: ബസ് ചാർജ് വർദ്ധന ആവശ്യപ്പെട്ട് അടുത്ത മാസം 20ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് പത്തുരൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് അമ്പത് ശതമാനമാക്കുക, കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഒരു പോലെ സംരക്ഷിക്കാൻ ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 13ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. സൂചനാ പണിമുടക്കിലും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 21ന് യോഗം ചേർന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിക്കാനും തൃശൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.