തൃശൂർ: ജില്ലയിലെ കാൻസർ ബാധിതരെ കണ്ടെത്തി സൗജന്യമായി ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം 27ന് വരന്തരപ്പിള്ളി പഞ്ചായത്തിലെ പള്ളിക്കുന്ന് ലോർഡ്‌സ് അക്കാഡമിയിൽ നടത്തും. രാവിലെ ഒമ്പതിന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
ഇതുവരെ 7,13,187 വീടുകളിൽ സന്ദർശനം നടത്തി 9,247 പുരുഷന്മാരെയും 17,530 സ്ത്രീകളെയും 252 ആൺകുട്ടികളെയും 230 പെൺകുട്ടികളെയും പരിശോധന നടത്തേണ്ടവരായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി.കെ മിനി പത്രസമ്മേളനത്തിൽ പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ ചിലർ നേരിട്ട് ലാബുകളിൽ നടത്തിയ പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചതായി കണ്ടെത്തി. ഒമ്പത് പേർക്കാണ് ഇത്തരത്തിൽ കാൻസർ സ്ഥിരീകരിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് കാൻസർ പരിശോധന നടത്തും.
പരിശോധനയും ചികിത്സയും സൗജന്യമായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സർവേ നടത്തിയത്. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.കെ ഉദയപ്രകാശ്, ടി.പി ചന്ദ്രൻ, ടി.എ ഹരിത ദേവി, പി.കെ രാജു എന്നിവരും പങ്കെടുത്തു...