മാള: കേരളത്തിലെ പാടശേഖരങ്ങൾക്ക് അനുയോജ്യമല്ലാത്ത കൊയ്ത്തുമെതിയന്ത്രം മാളയിൽ കട്ടപ്പുറത്ത് കയറി കിടക്കുന്നു. മാള ബ്ലോക്കിലെ അഗ്രോ സർവീസ് സെന്ററിന്റെ കീഴിൽ വാങ്ങിയ കൊയ്ത്തുമെതിയന്ത്രമാണ് വടമയിലെ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കാട് പിടിച്ചു കിടക്കുന്നത്. യന്ത്രത്തെ മൂന്ന് വർഷത്തോളമായി പ്ലാസ്റ്റിക് ഷീറ്റിട്ട് മുകൾ ഭാഗം മൂടിയിട്ടിരിക്കുകയാണ്.
അഗ്രോ സർവീസ് സെന്ററിൽ 11 തൊഴിലാളികളാണ് കാർഷിക വൃത്തിയിൽ പരിശീലനം നേടിയിട്ടുള്ളത്. 2014-2015 സാമ്പത്തിക വർഷത്തിൽ 23 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ക്ലാസ് ഇനത്തിലുള്ള യന്ത്രം വാങ്ങിയത്. ഈ യന്ത്രം ഉപയോഗിച്ച് ആകെ 70 ഓളം മണിക്കൂർ മാത്രമേ കൊയ്ത്ത് നടത്തിയിട്ടുള്ളൂ. കേരളത്തിൽ ഇത് കൂടാതെ ഇതേ തരത്തിലുള്ള ഒരു യന്ത്രം മാത്രമേ ഉള്ളൂവെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ പാടശേഖരങ്ങളുടെ ഘടന അനുസരിച്ച് ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് യന്ത്രത്തിന് വിനയായത്. ഉയരവും ഭാരവും കൂടുതലാണെന്നാണ് ഈ യന്ത്രത്തിന്റെ വിപരീത ഫലങ്ങളിൽ പ്രധാനം. ഉയരം കൂടിയതിനാൽ റോഡുകളിലൂടെ കൊണ്ടുപോകാൻ പ്രായോഗികമായി കഴിയില്ല. മറ്റൊരു വാഹനത്തിൽ കയറ്റി പോകുമ്പോൾ വൈദ്യുത കേബിളുകൾ പൊട്ടുന്നത് പതിവായിരിക്കും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ ഇത്തരം സംഭവങ്ങൾ ഏറെയായിരിക്കും. 9.5 അടി ഉയരവും 4.5 ടൺ ഭാരവും ഈ ക്ലാസ് യന്ത്രത്തിനുണ്ട്. മറ്റു യന്ത്രങ്ങളിൽ ഇത് യഥാക്രമം 7.5 അടി ഉയരവും 3.5 ടൺ ഭാരവുമാണുള്ളത്.
നമ്മുടെ പാടശേഖരങ്ങൾ കുറഞ്ഞ വിസ്തൃതിയിലായതിനാൽ വലിയ യന്ത്രം കൊണ്ടുവരുന്നതും തിരിച്ചെത്തിക്കുന്നതും ചെലവുള്ളതും പ്രയാസമുള്ളതുമാണ്. സംസ്ഥാനത്തിന് പുറത്തുള്ള വിസ്തൃതിയേറിയ പാടശേഖരങ്ങളിൽ ഈ യന്ത്രം അനുയോജ്യമാണ്. യന്ത്രത്തിന്റെ ഉയരം കുറച്ച് പ്രശ്‍നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തകരാർ പരിഹരിച്ച് അന്നമനട പഞ്ചായത്ത് കർമ്മ സേനക്ക് യന്ത്രം കൈമാറാനാണ് ശ്രമം
-കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
യന്ത്രത്തിന്റെ ഗുണം
കൊയ്ത്തും മെതിയും പതിര് നീക്കലും മാത്രമല്ല വൈക്കോൽ നഷ്ടപ്പെടില്ല
ദോഷം
സംസ്ഥാനത്തെ പാടശേഖരങ്ങളുടെ ഘടന അനുസരിച്ച് ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്
ഉയരവും ഭാരവും കൂടുതൽ
9.5 അടി ഉയരവും 4.5 ടൺ ഭാരവും
ഉയരം കൂടിയതിനാൽ റോഡുകളിലൂടെ കൊണ്ടുപോകാൻ പ്രായോഗികമായി കഴിയില്ല
മറ്റൊരു വാഹനത്തിൽ കയറ്റി പോകുമ്പോൾ വൈദ്യുത കേബിളുകൾ പൊട്ടാനിടയാകും
ഭാരം കൂടിയ യന്ത്രം പാടശേഖരങ്ങളിലും അനുബന്ധ വഴികളിലും താഴും
പാടശേഖരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനം വേണം
വാഹനത്തിൽ യന്ത്രം കയറ്റിയിറക്കുന്നതിന് ചുരുങ്ങിയത് ഏഴ് തൊഴിലാളികൾ വേണം
പ്രത്യേക വാഹനത്തിൽ യന്ത്രം പാടശേഖരത്തിലേക്ക് കൊണ്ടുപോയി തിരിച്ചെത്തിക്കുന്നതിന് കുറഞ്ഞ ദൂരത്തിന് വാടക ഇനത്തിൽ പതിനായിരം രൂപ ചെലവ്